
ഐപിഎൽ വമ്പൻമാരായ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മലയാളി താരം സഞ്ജു സാംസൺ എത്തിയേക്കുമെന്ന് ഒരുപാട് റിപ്പോർട്ടുകളുണ്ടായിരുന്നു. രാജസ്ഥാൻ റോയൽസിൽ നിന്നും താരത്തെ ട്രേഡ് വഴി എത്തിക്കാനാണ് സിഎസ്‌കെ ശ്രമിക്കുന്നത്. എന്നാൽ ഇരു ടീമുകളും ഇതുവരെ ഔദ്യോകിഗമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം താരത്തിന് പകരം രണ്ട് കളിക്കാരെയാണ് രാജസ്ഥാൻ റോയൽസ് ആവശ്യപ്പെടുന്നത്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് ഇതിൽ ഒരാൾ. രണ്ടാതായി മിഡിൽ ഓർഡർ ബിഗ് ഹിറ്റർ ശിവം ദുബെ, ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ ഋതുരാജ് ഗെയ്ക്വാദ് എന്നിവരിൽ ഒരാളെയും രാജസ്ഥാൻ റോയൽസ് ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്. ക്രിക്ബസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
മൂവരും സിഎസ്‌കെയുടെ പ്രധാനപ്പെട്ട താരങ്ങളാണ്. കഴിഞ്ഞ സീസണിൽ സിഎസ്‌കെ നിലനിർത്തിയ അഞ്ച് താരങ്ങളിൽ മൂന്ന് പേരാണ്. 2021, 23 വർഷങ്ങളിൽ സിഎസ്‌കെ കിരീടം നേടിയപ്പോൾ ഗെയ്ക്വാദ് പ്രധാന താരമായിരുന്നു. 2023ൽ ദുബെയും ടീമിന്റെ അഭിവാജ്യ ഘടകമായി.
2012 മുതൽ സിഎസ്‌കെയിലെത്തിയ ജഡേജ അവരുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ്. മൂന്ന് കിരീടങ്ങളിൽ ടീമിന്റെ ഭാഗമാകാൻ ജഡേജക്ക് സാധിച്ചിട്ടുണ്ട്.
ഗെയ്ക്വാദിന് പകരം ട്രേഡ് ചെയ്താൽ സിഎസ്‌കെയിൽ സഞ്ജുവിന് നായകനാകാനുള്ള അവസരം കൂടി ലഭിക്കുമെന്ന് തീർച്ചയാണ്. 2021ലാണ് സഞ്ജു രാജസ്ഥാന്റെ നായകനായി ചുമതലയേറ്റത്. രാജസ്ഥാനെ ഒരു സീസണിൽ ഫൈനലിൽ എത്തിക്കാൻ സാധിച്ച സഞ്ജുവാണ് അവരുടെ എക്കാലത്തെയും വലിയ റൺ ഗെറ്ററും ഏറ്റവും കൂടുതൽ ജയം നേടികൊടുത്ത നായകനുമാണ്. എംഎസ് ധോണി എന്ന അതികായന് ശേഷം ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറെ നോക്കുന്ന സി.എസ്.കെ തേടുന്ന ഉത്തരമാണ് സഞ്ജു വി സാംസൺ.
Content Highlights- RR have asked CSK for Ravindra Jadeja, Ruturaj Gaikwad or Shivam Dube for Sanju Samson trade