
മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകൾ എല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ജര്‍മനിയിലാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയത്.
റിലീസിന് 15 ദിനങ്ങള്‍ മുന്നെയാണ് സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ലോകാ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ആണ് ചിത്രത്തിന്‍റെ ജര്‍മനിയിലെ വിതരണം നിര്‍വ്വഹിക്കുന്നത്. എമ്പുരാന്‍ ജര്‍മനിയില്‍ എത്തിച്ചതും ഇതേ കമ്പനി ആയിരുന്നു. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. 'ഹൃദയപൂർവ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാൽ സത്യേട്ടന്‍റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം' എന്നാണ് സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു.
ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഇതെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. സംഗീത് പ്രതാപ്-മോഹൻലാൽ കോമ്പോ കയ്യടി വാങ്ങുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.
#Hridayapoorvam Germany bookings open now.
— MOHANLAL THEATRE UPDATES (@Team_MTU) August 13, 2025
In cinemas from 28 August, 2025.@FilmsLokah pic.twitter.com/Gs0pAuSDbw
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്.
Content Highlights: Hridayapoorvam germany bookings openend