'ഹലോ രജത്!' കോള്‍ ചെയ്തത് കോഹ്‌ലി മുതല്‍ ABD വരെ; ഒറ്റരാത്രിയില്‍ 'VIP കോണ്‍ടാക്ടാ'യി മാറി യുവാക്കള്‍

പത്ത് മിനിറ്റിന് ശേഷം വീടിന്റെ വാതിൽക്കൽ പൊലീസ് എത്തിയതോടെയാണ് യുവാക്കൾക്ക് യാഥാർത്ഥ്യം മനസിലായത്

dot image

നിങ്ങൾ വീടിനടുത്തുള്ള ഒരു പലചരക്ക് കടയിൽ ഇരിക്കുമ്പോൾ നിങ്ങളുടെ ഫോൺ റിങ് ചെയ്യുന്നുവെന്ന് സങ്കൽപ്പിക്കുക. മറുവശത്ത് ഒരു ശബ്ദം കേൾക്കുന്നു, 'ഹലോ, ഞാൻ വിരാട് കോഹ്‌ലിയാണ്'... നിമിഷങ്ങൾക്കുള്ളിൽ വീണ്ടും ഒരു കോൾ, 'ഇത് എ ബി ഡിവില്ലിയേഴ്‌സ് ആണ്'... പിന്നെ മറ്റൊരു കോളും, 'ഞാൻ രജത് പട്ടീദാർ ആണ്'....

ഇങ്ങനെയെല്ലാം കേൾക്കുമ്പോൾ ആരെങ്കിലും തന്നെ പറ്റിക്കാൻ വിളിക്കുകയാണെന്നല്ലേ എല്ലാവർക്കും തോന്നുക. ഛത്തീസ്ഗഡിലെ ഗാരിയബന്ദ് ജില്ലയിലെ ദേവ്‌ഭോഗ് ഗ്രാമത്തിലുള്ള സുഹൃത്തുക്കളായ മനീഷ് ബിസിയും ഖേംരാജും ഇങ്ങനെ തന്നെയാണ് കരുതിയത്. എന്നാല്‍ കഥ മറ്റൊന്നായിരുന്നു.

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ വിഐപി കോൺടാക്റ്റ് ലിസ്റ്റിൽ ഇടം നേടിയ മനീഷ് ബിസിയും ഖേംരാജുമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഹോട്ട് ടോപിക്. സംഭവം ഇങ്ങനെയാണ്…

ജൂൺ 28 ന് മനീഷ് ഒരു മൊബൈൽ ഷോപ്പിൽ നിന്ന് ഒരു പുതിയ റിലയൻസ് ജിയോ സിം വാങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. വാട്ട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തതും പ്രൊഫൈൽ പിക് ആയി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പട്ടീദാറിന്റെ ഫോട്ടോ ലോഡായി വന്നപ്പോൾ‌ ആദ്യം അമ്പരന്നെങ്കിലും ഇവർ കാര്യമാക്കിയെടുത്തില്ല.

പക്ഷേ പിന്നീട് തുടരെത്തുടരെ കോളുകൾ വരാൻ തുടങ്ങി. എന്നാൽ‌ ആ കോളുകളൊന്നും ബന്ധുക്കളിൽ നിന്നോ കൂട്ടുകാരിൽ നിന്നോ അല്ല മറിച്ച് ക്രിക്കറ്റ് താരങ്ങളിൽ നിന്നും അവരുടെ സുഹൃത്തുക്കളിൽ‌ നിന്നുമാണ് എന്നതായിരുന്നു ട്വിസ്റ്റ്. ഒരാൾ വിരാട് കോഹ്‌ലിയാണെന്ന് അവകാശപ്പെട്ടു, മറ്റൊരാൾ എബി ഡിവില്ലിയേഴ്‌സ് ആണെന്ന് പറഞ്ഞു.

ഇതെല്ലാം ആരെങ്കിലും കളിപ്പിക്കാന്‍ ചെയ്യുന്നതാകുമെന്നാണ് മനീഷും ഖേംരാജും കരുതിയത്. അതോടെ ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ വരുമ്പോഴെല്ലാം അവര്‍ തമാശയായി ഇപ്പുറത്ത് മഹേന്ദ്ര സിങ് ധോണിയാണെന്ന് മറുപടി പറയാന്‍ തുടങ്ങി. എന്നിട്ടും കോളുകള്‍ വരുന്നത് തുടര്‍ന്നു.

പിന്നാലെ ജൂലൈ 15ന് മനീഷിന് വീണ്ടും ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ ലഭിച്ചു. ഇത്തവണ ഒരു മാന്യമായ ശബ്ദമായിരുന്നു "ഭായ്, ഞാൻ രജത് പാട്ടീദാർ ആണ്. ആ നമ്പർ എന്റേതാണ്, ദയവായി അത് തിരികെ തരൂ." അപ്പോഴും കളിയാക്കലാണെന്ന് കരുതിയ മനീഷ് വീണ്ടും താൻ എംഎസ് ധോണിയാണെന്ന് മറുപടി പറഞ്ഞു.

ആ മൊബൈൽ നമ്പർ‌ തനിക്ക് പ്രധാനപ്പെട്ടതാണെന്നും തന്റെ പരിശീലകരും സുഹൃത്തുക്കളും വിളിക്കുന്ന നമ്പറാണെന്നും വിളിച്ചയാള്‍ പറഞ്ഞിട്ടും മനീഷ് വിശ്വസിക്കാൻ തയ്യാറായില്ല. ഒടുവില്‍ പോലീസിനെ അയക്കാമെന്നു പറഞ്ഞ് വിളിച്ചയാള്‍ ഫോണ്‍ കട്ട് ചെയ്തു.

പത്ത് മിനിറ്റിന് ശേഷം വീടിന്റെ വാതിൽക്കൽ പൊലീസ് എത്തിയതോടെയാണ് യുവാക്കൾക്ക് യാഥാർത്ഥ്യം മനസിലായത്. തങ്ങളുടെ പക്കലുള്ള നമ്പര്‍ യഥാര്‍ഥത്തില്‍ രജത് പടിദാറിന്റേതാണെന്നും തങ്ങളെ വിളിച്ചത് അദ്ദേഹം തന്നെയാണെന്നും ഇത്രയും നാള്‍ സംസാരിച്ചത് യഥാര്‍ഥ കോലി, ഡിവില്ലിയേഴ്‌സ് എന്നിവരുമായാണെന്നും മനീഷ് ബിസിയും ഖേംരാജും തിരിച്ചറിഞ്ഞു. പോലീസ് കാര്യം അറിയിച്ചതോടെ ഇവര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന സിം കാര്‍ഡ് അവരെ ഏല്‍പ്പിച്ചു.

Content Highlights: Virat Kohli, AB de Villiers, Rajat Patidar: All On One Village Phone Line

dot image
To advertise here,contact us
dot image