
ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി പരമ്പര സമാപിച്ചതിന് പിന്നാലെ സംയുക്ത ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്.
ഓപ്പണർമാരായി യശസ്വി ജയ്‌സ്വാളിനെയും കെ എൽ രാഹുലിനെയുമാണ് ബ്രോഡ് തിരഞ്ഞെടുത്തത്. ജയ്‌സ്വാൾ 411 റണ്‍സാണ് പരമ്പരയില്‍ അടിച്ചെടുത്തത്. ഇതില്‍ രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. റണ്‍വേട്ടക്കാരില്‍ മൂന്നാമനായിരുന്നു രാഹുൽ. പരമ്പരില്‍ 532 റണ്‍സ് നേടാന്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക് സാധിച്ചു. രണ്ട് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.
മൂന്നാമനായി ഒല്ലി പോപ്പിനെയാണ് ബ്രോഡ് തിരഞ്ഞടുത്തത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 306 റൺസാണ് താരം അടിച്ചെടുത്തത്. നാലാം നമ്പറിൽ ജോ റൂട്ടിനെയാണ് തിരഞ്ഞെടുത്തത്. 537 റൺസാണ് ഈ പരമ്പരയിൽ അദ്ദേഹം നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും റണ്‍സ് നേടിയ രണ്ടാമത്തെ താരമമെന്ന നാഴികക്കല്ലും പരമ്പരയ്ക്കിടയിൽ അദ്ദേഹം പിന്നിട്ടിരുന്നു.
അഞ്ചാമനായി ഹാരി ബ്രൂക്ക് ക്രീസിലെത്തും. പരമ്പരയില്‍ രണ്ട് സെഞ്ചുറി നേടി ബ്രൂക്ക് ഒന്നാകെ 481 റണ്‍സ് അടിച്ചെടുത്തു. ആറാമനായി ബെന്‍ സ്റ്റോക്‌സ്. സ്റ്റോക്സിനെ തന്നെയാണ് ക്യാപ്റ്റനായും പരിഗണിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനായി മികച്ച ഓള്‍റൗണ്ട് പ്രകടനം പുറത്തെടുക്കാന്‍ സ്റ്റോക്‌സിന് സാധിച്ചിരുന്നു.
വിക്കറ്റിന് പിന്നില്‍ ഇന്ത്യന്‍ താരം റിഷഭ് പന്താണ്. റണ്‍വേട്ടക്കാരില്‍ ആറാമാനാണ് പന്ത്. അടിച്ചെടുത്തത് 479 റണ്‍സ്. ടീമിലെ ഏക് സിപന്നറായി തിരഞ്ഞെടുത്തത് ഇന്ത്യൻ ഓള്‍റൗണ്ടര്‍ വാഷിങ്ടൺ സുന്ദറിനെയാണ്. ഏഴ് വിക്കറ്റ് നേടിയ താരം 284 റണ്‍സും അടിച്ചെടുത്തിരുന്നു.
ഒരേയൊരു ഇംഗ്ലീഷ് പേസറെ മാത്രമാണ് ബ്രോഡ് ടീമില്‍ ഉള്‍പ്പെടുത്തിയത്. രണ്ട് ടെസ്റ്റില്‍ നിന്ന് 9 വിക്കറ്റുകള്‍ നേടിയ ജോഫ്രെ ആർച്ചറിനെയാണ് അത്. വിക്കറ്റ് വേട്ടയില്‍ ഒന്നാമനായ മുഹമ്മദ് സിറാജും ടീമില്‍ സ്ഥാനമുറപ്പിച്ചു. 23 വിക്കറ്റാണ് ഇന്ത്യന്‍ പേസര്‍ വീഴ്ത്തിയത്. മൂന്ന് ടെസ്റ്റ് മാത്രമെ കളിച്ചിട്ടൊള്ളുവെങ്കിലും ബുമ്രയും ടീമിലെത്തി. 14 വിക്കറ്റുകള്‍ വീഴ്ത്താന്‍ ബുമ്രയ്ക്ക് സാധിച്ചിരുന്നു.
പരമ്പരയിൽ ടോപ് റൺ സ്കോററായ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും മികച്ച ഓൾ റൗണ്ടർ പ്രകടനം കാഴ്ച്ച വെച്ച രവീന്ദ്ര ജഡേജയെയും പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
Content Highlights: Broad announces joint playing XI for Anderson-Tendulkar Trophy; six Indians in the list