പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്

ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിന്റെ സൂചനയാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍.

dot image

ഇസ്‌ലാമാബാദ്: പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശനം നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിന്റെ സൂചനയാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങില്‍ മുനീര്‍ പങ്കെടുക്കും. ഈ മാസം അവസാനമാണ് കുറില്ല വിരമിക്കുന്നത്. പാകിസ്താനെ ഭീകരവിരുദ്ധ പോരാട്ടത്തിലെ പങ്കാളിയെന്ന് വിശേഷിപ്പിച്ചയാളാണ് മൈക്കിള്‍ കുറില്ല.

രണ്ടുമാസം മുന്‍പ് അമേരിക്ക നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച് അഞ്ച് ഐസിസ് ഖൊറാസന്‍ ഭീകരരെ പാകിസ്താന്‍ പിടികൂടിയിരുന്നു. 'ഭീകരവിരുദ്ധ ലോകത്ത് പാകിസ്താന്‍ അസാധാരണ പങ്കാളിയാണ്. അതുകൊണ്ട് നമുക്ക് പാകിസ്താനുമായും ഇന്ത്യയുമായും ബന്ധം ഉണ്ടായിരിക്കണം' എന്നാണ് അന്ന് കുറില്ല പറഞ്ഞത്.

പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ലോകത്ത് ഭീകരത വളര്‍ത്തുന്നതില്‍ പാകിസ്താന്റെ പങ്ക് തുറന്നുകാട്ടാനായി ഇന്ത്യ ലോകരാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയച്ച സമയത്തായിരുന്നു കുറില്ലയുടെ പാകിസ്താന്‍ അനുകൂല പ്രസ്താവന. ജൂലൈയില്‍ പാകിസ്താന്‍ സന്ദര്‍ശിച്ച മൈക്കിള്‍ കുറില്ലയ്ക്ക് പാക് പരമോന്നത സിവിലിയന്‍ അവാര്‍ഡായ നിഷാന്‍-ഇ-ഇംതിയാസ് നല്‍കി ആദരിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന് ആഴ്ച്ചകള്‍ക്കുളളില്‍ അസിം മുനിര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

Content Highlights: Pakistan army chief asim munir to visit america again

dot image
To advertise here,contact us
dot image