
ഷെട്ടി ഗ്യാങ്, ഷെട്ടി മാഫിയ എന്ന് വിളിക്കുന്നവർക്ക് മറുപടിയുമായി നടൻ രാജ് ബി ഷെട്ടി. നിങ്ങളും ഒരു ഗ്യാങ് ഉണ്ടാക്കുവെന്നും മറ്റുള്ളവരുമായി ചേർന്ന് സിനിമകൾ നിർമ്മിക്കാൻ കഴിയുന്നില്ലെങ്കിൽ അത് തന്റെ പ്രശ്‌നമല്ലെന്നും നടൻ പറഞ്ഞു. കൂടാതെ സിനിമയിൽ എത്തുന്നതിന് മുൻപ് താൻ ഒരു രക്ഷിത് ഷെട്ടി ആരാധകൻ ആയിരുന്നുവെന്നും രാജ് ബി ഷെട്ടി പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ പ്രതികരണം.
'കർണാടകയിൽ ഉള്ളവർ എന്നെയും രക്ഷിത് ഷെട്ടിയെയും റിഷബിനെയും ഷെട്ടി ഗ്യാങ്, ഷെട്ടി മാഫിയ എന്നൊക്കെയാണ് വിളിക്കുന്നത്. നിങ്ങളും ഒരു ഗ്യാങ് ഉണ്ടാക്ക്…ആര് തടയും, മറ്റുള്ളവരുമായി കൂട്ടം ചേർന്ന് വർക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഞങ്ങളുടെ പ്രശ്നമല്ല. എനിക്ക് രക്ഷിതിനോടും റിഷബിനോടും എന്തും പറയാനുള്ള സ്വാതന്ത്രം ഉണ്ട്. ഞങ്ങൾ പല വിഷയങ്ങളും സംസാരിക്കും…സിനിമയിൽ വരുന്നതിന് മുൻപ് ഞാനൊരു രക്ഷിത് ഷെട്ടി ആരാധകൻ ആയിരുന്നു', രാജ് ബി ഷെട്ടി പറഞ്ഞു.
അതേസമയം, രാജ് ബി ഷെട്ടിയുടെ പുതിയ ചിത്രം 'സു ഫ്രം സോ' തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. എല്ലാത്തരം പ്രേക്ഷകരിൽ നിന്നും ഗംഭീര പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യാവസാനം ചിരിയുടെ പൂരമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പക്കാ കോമഡി ഫൺ എന്റെർറ്റൈനെർ ആയൊരുക്കിയ ചിത്രം തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുടെ പെരുമഴയാണ് സമ്മാനിക്കുന്നത്.
കന്നഡയിലും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Content Highlights: Raj B Shetty shuts down 'Shetty mafia' tag