'ബുംറയെ പോലെ സിറാജിന്റെ വര്‍ക്ക് ലോഡും നിയന്ത്രിക്കണം'; കാരണം ചൂണ്ടിക്കാട്ടി മുന്‍ താരം

ഇം​ഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലും ഓവലിലും ബുംറയ്ക്ക് ഇന്ത്യ വിശ്രമം നൽകിയിരുന്നു

dot image

ജസ്പ്രീത് ബുംറയെ പോലെ മുഹമ്മദ് സിറാജിന്റെ ജോലിഭാരവും ഇന്ത്യ പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ പേസറായ ആര്‍ പി സിങ്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി മുഹമ്മദ് സിറാജ് അഞ്ച് മത്സരങ്ങളിലും ബൗള്‍ ചെയ്തതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വര്‍ക്ക് ലോഡിനെ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായ സാഹചര്യത്തിലായിരുന്നു മുൻ താരത്തിന്റെ പ്രതികരണം. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് മത്സരങ്ങളില്‍ കളിക്കുന്നത് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തുമെന്നാണ് ആർ പി സിങ് ചൂണ്ടിക്കാട്ടി.

"ഭാവിയിൽ സിറാജിന് പരിക്കേൽക്കുന്നത് തടയാൻ വർക്ക് ലോഡ് മാനേജ്മെന്റ് നിർണായകമാകും. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മത്സരങ്ങൾ കളിക്കുമ്പോൾ ഫാസ്റ്റ് ബൗളർമാർക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. ബുംറയുടെ കാര്യത്തിൽ ചെയ്തതുപോലെ സിറാജിന്റെ വർക്ക് ലോഡും ടീം മാനേജ്മെന്റ് കൈകാര്യം ചെയ്യണം," ആര്‍ പി സിങ് പറഞ്ഞു.‌

"മികച്ച വർക്ക്‌ലോഡ് മാനേജ്‌മെന്റ് കാരണം, ഏകദിനത്തിലും ടി20 ലോകകപ്പിലും മികച്ച രീതിയിൽ പന്തെറിയാൻ ബുംറയ്ക്ക് സാധിച്ചു. സിറാജും ഇതേ ലീഗിലാണ്. അദ്ദേഹത്തെയും പരിക്കുകളില്‍ നിന്നും സംരക്ഷിക്കണം. അതിനായി അദ്ദേഹത്തിന്റെ വര്‍ക്ക് ലോഡില്‍ ശ്രദ്ധ നല്‍കണം," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇം​ഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലും ഓവലിലും ബുംറയ്ക്ക് ഇന്ത്യ വിശ്രമം നൽകിയിരുന്നു. താരം കളിക്കാത്ത ഈ രണ്ട് ടെസ്റ്റിലും സിറാജ് ഇന്ത്യൻ ജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. 9 ഇന്നിംഗ്‌സുകളിൽ നിന്ന് 23 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് പരമ്പരയിൽ തിളങ്ങി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ബോളർ ആയി മാറുകയും ചെയ്തു. മറുവശത്ത്, മൂന്ന് ടെസ്റ്റ് കളിച്ച ബുംറ അവിടെ 14 വിക്കറ്റുകൾ നേടി.

Content Highlights: Like Jasprit Bumrah, Mohammed Siraj's workload will need attention says RP Singh

dot image
To advertise here,contact us
dot image