ഇന്ത്യയും പാകിസ്താനും സെമിയിൽ നേർക്കുനേർ വന്നാലോ?; പ്രതികരിച്ച് പാക് ടീം ഉടമ

ഇന്ത്യ പിന്മാറിയ മത്സരത്തിലെ രണ്ട് പോയിന്റുകൾ പാകിസ്താന് ലഭിക്കുമെന്ന് കാമിൽ

dot image

വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സിൽ‌ ഇന്ത്യ– പാകിസ്താൻ പോരാട്ടം ഇന്ത്യൻ താരങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് സംഘാടകർ റദ്ദാക്കിയിരുന്നു. പാകിസ്താനെതിരെ കളിക്കില്ലെന്ന് ഇന്ത്യൻ ടീമിന്റെ ഭാഗമായ ശിഖർ ധവാൻ സമൂഹമാധ്യമത്തിൽ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രാജ്യമാണ് വലുതെന്നും അതിനും മുകളിൽ മറ്റൊന്നുമില്ലെന്നും ധവാന്‍ പ്രതികരിച്ചു. കൂടുതൽ താരങ്ങൾ ധവാന്റെ നിലപാടു തന്നെ സ്വീകരിച്ചതോടെ മത്സരം റദ്ദാക്കുകയായിരുന്നു.

ടൂർണമെന്റിൽ ഇന്ത്യയുടെ ആ​ദ്യ മത്സരം ജൂലൈ 20ന് എഡ്ജ്ബാസ്റ്റണില്‍ പാകിസ്താനെതിരെയാണ് നടക്കേണ്ടിയിരുന്നത്. മത്സരം റദ്ദാക്കിയെങ്കിലും ടൂർണമെ‍ന്റിലെ നോക്കൗട്ട് ഘട്ടങ്ങളിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരാനുള്ള സാധ്യതയുമുണ്ട്. ആ സാഹചര്യത്തിൽ എന്തായിരിക്കും സംഭവിക്കുകയെന്ന് തുറന്നുപറയുകയാണ് പാകിസ്താൻ ലെജൻഡ്സ് ടീം ഉടമ കാമിൽ ഖാൻ. മത്സരത്തിൽ നിന്ന് പിന്മാറിയത് ഇന്ത്യൻ ടീമായതിനാൽ മത്സരത്തിനുള്ള രണ്ട് പോയിന്റുകൾ പാകിസ്താന് ലഭിക്കുമെന്നും കാമിൽ പറഞ്ഞു.

"ഫിക്‌സ്ചര്‍ അനുസരിച്ച് ബാക്കിയുള്ള എല്ലാ മത്സരങ്ങളും തുടരും. മാറ്റങ്ങളൊന്നുമില്ല. സെമിഫൈനലിനെയും ഫൈനലിനെയും സംബന്ധിച്ചിടത്തോളം, സെമിഫൈനലിൽ എത്തിയാൽ നാല് ടീമുകൾ ഉണ്ടാകും. അതിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ ഞങ്ങൾ ഒഴിവാക്കും," കാമിൽ ഖാൻ പറഞ്ഞു.

"ഞങ്ങൾ ഫൈനലിൽ എത്തിയാൽ, അപ്പോഴായിരിക്കും അത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുക. ഈ മത്സരത്തിൽ രണ്ട് പോയിന്റുകൾ ഞങ്ങൾക്ക് നൽകും, നിയമങ്ങൾ അനുസരിച്ച് ഞങ്ങളാണ് ആ പോയിന്റുകൾ അർഹിക്കുന്നത്", കാമിൽ കൂട്ടിച്ചേർത്തു.

Content Highlights: India vs Pakistan in WCL semi-final? Team owner lifts the lid on possible clash

dot image
To advertise here,contact us
dot image