'ബംഗ്ലാദേശ് ക്രിക്കറ്റിനെ നന്നാക്കുന്നതല്ല എന്‍റെ പണി!'; പരാജയത്തില്‍ മിർപൂർ പിച്ചിനെ പഴിച്ച് പാക് കോച്ച്

'ഇത്തരം പിച്ചുകള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളതല്ല'

dot image

ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിൽ പരാജയം വഴങ്ങിയതിന് പിന്നാലെ പ്രതികരണവുമായി പാകിസ്താന്റെ വൈറ്റ് ബോൾ ഹെഡ് കോച്ച് മൈക്ക് ഹെസ്സൺ. പാകിസ്താന്റെ ദയനീയ തോൽവിക്ക് പിന്നാലെ ധാക്കയിലെ മിർപൂർ പിച്ചിന്റെ അവസ്ഥയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് കോച്ച് ഹെസ്സൺ രം​​ഗത്തെത്തിയത്. അന്താരാഷ്ട്ര നിലവാരമില്ലാത്ത പിച്ചാണിതെന്നും ഇത്തരം പിച്ചുകൾ ഇരുടീമുകളുടെയും വളർച്ചയ്ക്ക് സഹായകമാകില്ലെന്നും മത്സരശേഷം ഹെസ്സൺ തുറന്നടിച്ചു.

ഇത് ബംഗ്ലാദേശിന് ഹോം അഡ്വാന്റേജ് നൽകിയേക്കാമെന്ന് സമ്മതിച്ച അദ്ദേഹം ഏഷ്യാ കപ്പ് പോലുള്ള വലിയ ടൂർണമെന്റുകൾ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് നല്ലതല്ലെന്നും ഊന്നിപ്പറഞ്ഞു. "ഇത്തരം പിച്ചുകള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളതല്ല. അത്തരം പിച്ചുകളിൽ കളിക്കുന്നത് നിങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കില്ല. ഏഷ്യാ കപ്പ് പോലുള്ള വലിയ ടൂർണമെന്‍റുകളാണ് ഇനി നമുക്ക് മുന്നിലുണ്ട്, ഇതുപോലുള്ള പിച്ചുകളിൽ കളിക്കുന്നത് വലിയ വേദിയിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കില്ല,ഇത്തരം പിച്ചുകളിൽ ബംഗ്ലാദേശ് വിജയം കണ്ടെത്തിയേക്കാം, പക്ഷേ ഇത് ഒരിക്കലും ഒരു മികച്ച വിക്കറ്റല്ല", ഹെസ്സൺ പറഞ്ഞു.

ഇത്തരം പിച്ചുകൾ ഒരുക്കുന്നതിലെ യുക്തി ചോദ്യം ചെയ്ത ഹെസ്സൺ ഒരേ വേദിയിൽ ആഭ്യന്തര, അന്താരാഷ്ട്ര പ്രതലങ്ങൾ തമ്മിലുള്ള പൊരുത്തക്കേട് ചൂണ്ടിക്കാട്ടുകയും ചെയ്തു. “ബം​ഗ്ലാദേശ് പ്രീമിയർ ലീ​ഗിൽ സാധാരണയായി ഇവിടെ നല്ല വിക്കറ്റുകൾ ഒരുക്കാറുണ്ട്. എന്നാൽ അന്താരാഷ്ട്ര മത്സരങ്ങളിൽ, ബംഗ്ലാദേശ് സ്വന്തം നാട്ടിൽ നേട്ടം കൈവരിക്കുന്നതിനായി ഈ സ്ലോ, ലോ പ്രതലങ്ങൾ നിർമ്മിക്കുന്നത് തുടരുന്നു. അത് ശരിയല്ല', പാക് കോച്ച് പറഞ്ഞു.

"ബംഗ്ലാദേശ് ക്രിക്കറ്റിനെ നന്നാക്കാനല്ല ഞാൻ ഇവിടെ വന്നത്, അത് എന്റെ ജോലിയുമല്ല. എന്നാൽ കളിയുടെ ആഗോള നിലവാരത്തെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, അത്തരം വിക്കറ്റുകൾ മുന്നോട്ടുള്ള വഴിയല്ല", ഹെസ്സണ്‍ കൂട്ടിച്ചേർത്തു.

ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശിനോട് പാകിസ്താൻ അടിയറവ് പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 19.3 ഓവറില്‍ വെറും 110 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 112 റണ്‍സ് അനായാസം സ്വന്തമാക്കി ജയം സ്വന്തമാക്കി.

Content Highlights: Coach Mike Hesson slams Mirpur pitch after Pakistan's defeat

dot image
To advertise here,contact us
dot image