

ന്യൂസീലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വലങ്കയ്യന്‍ പേസര്‍ ആഖിബ് നബിയെ ഉള്‍പ്പെടുത്തി. ബിസിസിഐ സീനിയര്‍ പുരുഷ സെലക്ഷന് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്ക് (നാലും അഞ്ചും ഏകദിനങ്ങള്‍) മാത്രമായിരുന്നു നബിയെ തിരഞ്ഞെടുത്തിരുന്നത്. ഇപ്പോള്‍ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡില്‍ കൂടി താരത്തെ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതോടെ പരമ്പരയിലെ ആദ്യ പോരാട്ടം മുതല്‍ താരം ഇന്ത്യക്കായി ലഭ്യമാകും. നവംബര്‍ നാലിന് ഓക്ക്ലന്‍ഡിലെ ഈഡന് പാര്‍ക്കിലാണ് അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ സമീപകാലത്തെ ഹോം പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് പ്രസിദ്ധ് കൃഷ്ണയെ ഏകദിന പരമ്പരയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം വരുത്തിയത്. ന്യൂസീലന്‍ഡ് പര്യടനത്തില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം നേരത്തെ ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയമാക്കിയിരുന്നു. അതേസമയം, ന്യൂസീലന്‍ഡിനെതിരെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പ്രസിദ്ധ് പരിഗണനയിലുണ്ട്. ഫിറ്റ്നസ് വിലയിരുത്തലില്‍ യോഗ്യത നേടിയാല്‍, നവംബര്‍ 7-ന് ആരംഭിക്കുന്ന ന്യൂസീലന്‍ഡ് എ ടീമിനെതിരായ മൂന്നാമത്തെയും അവസാനത്തെയും നാല് ദിവസത്തെ മത്സരത്തിനുള്ള ഇന്ത്യ എ സ്ക്വാഡില്‍ ഈ പേസറെ ഉള്‍പ്പെടുത്തിയേക്കാം.
'ന്യൂസീലന്‍ഡിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ സെലക്ഷന് കമ്മിറ്റി ആഖിബ് നബിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരയിലെ നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള സ്ക്വാഡില്‍ തുടക്കത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ഈ വലങ്കയ്യന്‍ പേസര്‍, ഇനി ഏകദിന പരമ്പരയുടെ ആരംഭം മുതല്‍ തന്നെ ടീമിന്റെ ഭാഗമായിരിക്കും' -ബിസിസിഐ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
നവംബര്‍ 4-ന് ആദ്യ ഏകദിനം നടന്ന ശേഷം, രണ്ടാം ഏകദിനം നവംബര്‍ 6-ന് ഹാമില്‍ട്ടനിലും, മൂന്നാം ഏകദിനം നവംബര്‍ 8-ന് വെല്ലിംഗ്ടണിലും നടക്കും. നവംബര്‍ 11, 14 തീയതികളില്‍ യഥാക്രമം ക്രിസ്റ്റ്ചര്ച്ചിലും ഡുനെഡിനിലുമാണ് അവസാന രണ്ട് ഏകദിനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള പുതുക്കിയ ഇന്ത്യന്‍ സ്ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, നമന്‍ ധീര്‍, അന്‍ഷുല്‍ കംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിംഗ്, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി (ആദ്യ ഏകദിനത്തില്‍ മാത്രം), ആഖിബ് നബി.
നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, തിലക് വര്‍മ്മ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, നമന്‍ ധീര്‍, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിംഗ്, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്.
content highlights: Injured Prasidh Krishna Ruled Out; Auqib Nabi to Play the Entire Series