'ഒരു ചീമുട്ട മതി...!'; ഇന്ത്യ-പാക് മത്സരം റദ്ദാക്കിയതില്‍ ധവാനെതിരെ 'ഒളിയമ്പു'മായി പാക് താരം

'നിങ്ങള്‍ രാജ്യത്തിന്റെ നല്ലൊരു അംബാസഡറാകണം, അല്ലാതെ നാണക്കേടാകരുത്'

dot image

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം നടക്കാനിരുന്ന ഇന്ത്യ- പാകിസ്താന്‍ മത്സരം റദ്ദാക്കിയിരുന്നു. പാകിസ്താനെതിരെ കളിക്കില്ലെന്ന് പറഞ്ഞ് ശിഖര്‍ ധവാനടക്കമുള്ള താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറി. ഇതോടെയാണ് മത്സരം റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. സംഭവത്തില്‍ സംഘാടകര്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. സ്‌പോര്‍ട്‌സ് രാജ്യങ്ങളെ ഒന്നിപ്പിക്കിനാളുള്ളതാണ്. എന്നാല്‍ എല്ലാത്തിനിടയിലും രാഷ്ട്രീയം കൊണ്ടുവന്ന് ചിലര്‍ ഇതിനെ നശിപ്പിക്കുകയാണെന്ന് അഫ്രീദി പറഞ്ഞു.

മത്സരം നടക്കേണ്ടിയിരുന്ന ഞായറാഴ്ച പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു താരം തന്റെ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയത്. മത്സരം റദ്ദാക്കിയതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വിമര്‍ശിച്ച അഫ്രീദി പാകിസ്താനോട് കളിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച ശിഖര്‍ ധവാനെ ചീ മുട്ടയോടാണ് ഉപമിച്ചത്.

'സ്‌പോര്‍ട്‌സ് രാജ്യങ്ങളെ ഒരുമിപ്പിക്കാനുള്ളതാണ്. എല്ലാ മേഖലയിലും രാഷ്ട്രീയം കടന്നുവന്നാല്‍ നമ്മള്‍ എങ്ങനെയാണ് മുന്നോട്ടുപോവുക? ആശയവിനിമയം ഇല്ലാതെ കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ലെജന്‍ഡ്‌സ് ലീഗ് പോലുള്ള ഇത്തരം ഇവന്റുകളുടെ ലക്ഷ്യം തന്നെ എല്ലാവരെയും ഒരുമിപ്പിക്കലാണ്. പക്ഷേ അറിയാമല്ലോ, എല്ലായിടത്തും ഒരു ചീ മുട്ടയുണ്ടാകും. അത് എല്ലാത്തിനേയും നശിപ്പിക്കും', അഫ്രീദി പറഞ്ഞു.

ധവാന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് ആദ്യം പിന്മാറിയ ധവാനെയാണ് അഫ്രീദി പരോക്ഷമായി ചീമുട്ടയെന്ന് ഉപമിച്ചതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ധവാന്‍ തന്റെ രാജ്യത്തിന് ഒരു നാണക്കേടാണെന്ന് അഫ്രീദി സൂചിപ്പിച്ചു. 2025ലെ ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പില്‍ ക്രിക്കറ്റ് കളിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഇന്ത്യന്‍ ടീം വീട്ടില്‍ തന്നെ കഴിയണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മത്സരത്തിന് ഒരു ദിവസം മുമ്പുവരെ ഇന്ത്യന്‍ ടീം പരിശീലനം നടത്തിയിരുന്നു. ഒരു വ്യക്തി കാരണമാണ് ഇന്ത്യ ഞങ്ങള്‍ക്കെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയതെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ ടീമംഗങ്ങള്‍ പോലും വളരെ നിരാശരാണ്. ആ താരത്തോട് ഞാന്‍ പറയുന്നു, നിങ്ങള്‍ രാജ്യത്തിന്റെ നല്ലൊരു അംബാസഡറാകണം, അല്ലാതെ രാജ്യത്തിന് നാണക്കേടാകരുത്', അഫ്രീദി കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു താരങ്ങളുടെ പിന്മാറ്റം. മത്സരം നടത്തുന്നതിനെതിരെ വലിയ രീതിയില്‍ ആരാധകപ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ശിഖര്‍ ധവാന് പിന്നാലെ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്, യൂസഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറി.

പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് രണ്ട് മാസം മുന്‍പേ ധവാന്‍ അറിയിച്ചിരുന്നു. മത്സരം റദ്ദാക്കിയതിന് ശേഷം, മത്സരത്തില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് 2025 മേയില്‍ സംഘാടകരോട് ആവശ്യപ്പെട്ടതായി ധവാന്‍ തന്നെ വ്യക്തമാക്കി. സംഘാടകര്‍ക്ക് അയച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

Content Highlights: 'There is always one rotten egg', Shahid Afridi breaks silence after India-Pakistan match fiasco in WCL

dot image
To advertise here,contact us
dot image