'ക്രെഡിറ്റ് റിഷഭ് പന്തിനുതന്നെ!'; വൺഹാൻഡ് സിക്സറിനെ കുറിച്ച് ദീപ്തി ശർമ, വീഡിയോ

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ ഐക്കോണിക് ഷോട്ടാണ് അത്

dot image

ഇം​ഗ്ലണ്ട് വനിത ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ തന്റെ ഇന്നിങ്സിനെ കുറിച്ച് ഇന്ത്യൻ വനിത താരം ദീപ്തി ശർമ. മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാല് വിക്കറ്റ് ജയം നേടിയപ്പോള്‍ 64 പന്തില്‍ പുറത്താകാതെ 62 റണ്‍സെടുത്ത ദീപ്തി ശര്‍മയുടെ ഇന്നിങ്‌സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോററായ ദീപ്തി തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്.

മൂന്ന് ഫോറും ഒരു സിക്സറും സഹിതം പുറത്താകാതെയായിരുന്നു ദീപ്തി ശർമയുടെ പ്രകടനം. ദീപ്തി ശർമയിൽ നിന്ന് വന്ന സിക്സറും ആരാധകർക്ക് കൗതുകമായി. ഒറ്റക്കൈ കൊണ്ടാണ് ദീപ്തി ശർമ പന്ത് ബൗണ്ടറി ലൈൻ തൊടീക്കാതെ പറത്തിയത്. ഡീപ്പ് മിഡ് വിക്കറ്റിന് മുകളിലൂടെയാണ് ദീപ്തി ശർമയുടെ ആ തകർപ്പൻ ഒറ്റക്കൈ സിക്സ് പറന്നത്.

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ ഐക്കോണിക് ഷോട്ടാണ് അത്. റിഷഭ് പന്ത് തന്നെയാണ് ഒറ്റക്കൈ കൊണ്ട് ആ വിധം ഷോട്ട് കളിക്കാൻ തനിക്ക് പ്രചോദനമായത് എന്നും ദീപ്തി ശർമ പറഞ്ഞു.

"പരിശീലന സെഷനിൽ ഈ ഒറ്റക്കൈ സിക്സ് ഞാൻ പരീക്ഷിക്കുമായിരുന്നു. റിഷഭ് പന്ത് ആ ഷോട്ട് കളിക്കുന്നത് കണ്ടാണ് ഞാൻ അത് പ്രാക്ടീസ് ചെയ്യാൻ ആരംഭിച്ചത്. പുതിയ ഷോട്ടുകൾ കളിക്കാൻ നെറ്റ്സിൽ ഞാൻ കഠിനമായ പരിശീലനം നടത്തിയിരുന്നു", ദീപ്തി ശർമ പറഞ്ഞു.

അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് വനിതകൾ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തു. 83 റൺസെടുത്ത സോഫിയ ഡങ്കലിയാണ് ടോപ് സ്കോറർ. 53 റൺസെടുത്ത ആലിസ് സോഫിയ ഡേവിഡ്സൺ സോഫിയയ്ക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന അഞ്ചാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്തിരുന്നു. ക്യാപ്റ്റൻ നാറ്റ് സ്കിവർ ബ്രെന്റ് 41 റൺസും എമ ലാംമ്പ് 39 റൺസും സോഫി എക്ലസ്റ്റോൺ 23 റൺസും സംഭാവന ചെയ്തു.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ നിരയിൽ എല്ലാവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. പ്രതിക റാവൽ 23, സ്മൃതി മന്ദാന 28, ഹർലീൻ ഡിയോൾ 27, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 17, ജമീമ റോഡ്രി​ഗസ് 48, ദീപ്തി ശർമ പുറത്താകാതെ 62, റിച്ച ഘോഷ് 10, അമൻജോത് കൗർ പുറത്താകാതെ 20 എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ സംഭാവന. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

Content Highlights: Deepti Sharma credits Rishabh Pant for stunning one-handed six during England Women vs India Women 1st ODI

dot image
To advertise here,contact us
dot image