ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം; പ്രതീക്ഷ രാഹുലിലും പന്തിലും

കെ എല്‍ രാഹുൽ അർധ സെഞ്ച്വറി നേടി

dot image

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ലോർഡ്‌സിൽ പുരോഗമിക്കുകയാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ മൂന്ന് വിക്കറ്റിന് 145 റൺസ് എന്ന നിലയിലാണ്. 53 റണ്‍സോടെ കെ എല്‍ രാഹുലും 19 റണ്‍സുമായി റിഷഭ് പന്തും ക്രീസില്‍. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ രാഹുല്‍-പന്ത് സഖ്യം ഇതുവരെ 38 റണ്‍സെടുത്തിട്ടുണ്ട്.

യശസ്വി ജയ്സ്വാള്‍ (13), കരുണ്‍ നായര്‍ (40), ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ (16 ) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനിയും 242 റണ്‍സ് കൂടി വേണം. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും ക്രിസ് വോക്സും ബെന്‍ സ്റ്റോക്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ 251-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ലഞ്ചിനുശേഷം 387റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ജസ്പ്രീത് ബുമ്രയുടെ അഞ്ചുവിക്കറ്റ് പ്രകടനമാണ് ആതിഥേയരെ തകർത്തത്. സിറാജും നിതീഷ് കുമാറും രണ്ട് വിക്കറ്റ് വീതവും നേടി.

ഒന്നാം ദിനം അവസാനിക്കുമ്പോൾ 83 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയിരുന്നത്. എന്നാൽ രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ബുംമ്ര ഇംഗ്ലണ്ട് നിരയെ തകർത്തു. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് സെഞ്ച്വറി നേടി. 199 പന്തിൽ 10 ഫോറുകൾ അടക്കം 104 റൺസാണ് റൂട്ട് നേടിയത്.

റൂട്ടിനെ കൂടാതെ ബെൻ സ്റ്റോക്സ് (44), ജാമി സ്മിത്ത് (51), ബ്രൈഡൻ കാർസ് (56) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാർക്കും തിളങ്ങാനായില്ല. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു. ഇതോടെ പരമ്പരയിൽ മുന്നിലെത്താൻ മത്സരത്തിൽ വിജയിക്കാനാണ് ഇരുടീമുകളുടെയും ശ്രമം.

Content Highlights: India lose three wickets against England; hope lies in Rahul and Pant

dot image
To advertise here,contact us
dot image