
ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ അഞ്ചുവിക്കറ്റ് പ്രകടനത്തോടെ ഇന്ത്യയുടെ ഇതിഹാസ താരം കപിൽ ദേവിന്റെ റെക്കോർഡ് മറികടന്ന് ജസ്പ്രീത് ബുംമ്ര. വിദേശ ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ താരമെന്ന റെക്കോർഡാണ് ബുംമ്ര തന്റെ പേരിലാക്കിയത്.
വെറും 35 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. 66 മത്സരങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് പുറത്ത് 12 ഫിഫറുകൾ നേടിയ കപിൽ ദേവിന്റെ ദീർഘകാല റെക്കോർഡ് ഇതോടെ തകർന്നു.
ബുംമ്രയുടെ മികവിൽ ലോർഡ്‌സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 387 റൺസിൽ ഒതുക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. സിറാജും നിതീഷ് കുമാറും രണ്ട് വിക്കറ്റ് വീതവും നേടി.
ഒന്നാം ദിനം അവസാനിക്കുമ്പോൾ 83 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയിരുന്നത്. എന്നാൽ രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ബുംമ്ര ഇംഗ്ലണ്ട് നിരയെ തകർത്തു. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് സെഞ്ച്വറി നേടി. 199 പന്തിൽ 10 ഫോറുകൾ അടക്കം 104 റൺസാണ് റൂട്ട് നേടിയത്.
റൂട്ടിനെ കൂടാതെ ബെൻ സ്റ്റോക്സ് (44), ജാമി സ്മിത്ത് (51), ബ്രൈഡൻ കാർസ് (56) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാർക്കും തിളങ്ങാനായില്ല. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ 42 ഓവർ പിന്നിടുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടിയിട്ടുണ്ട്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു. ഇതോടെ പരമ്പരയിൽ മുന്നിലെത്താൻ മത്സരത്തിൽ വിജയിക്കാനാണ് ഇരുടീമുകളുടെയും ശ്രമം.
Content Highlights: Bumrah breaks Kapil's rare record with five-wicket haul at Lord's