
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കിയ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. താരത്തിന്റെ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് എഡ്ജ്ബാസ്റ്റണിലെ നിര്‍ണായക ടെസ്റ്റില്‍ ബുംറയെ കളിപ്പിക്കാതിരിക്കുകയെന്ന കടുപ്പമേറിയ തീരുമാനം ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് എടുക്കേണ്ടിവന്നത്.
എന്നാല്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 0-1ന് പിന്നിലായിട്ടും രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറയെ കളിപ്പിക്കാതിരുന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഭ്രാന്തമായ തീരുമാനമാണെന്നാണ് സ്റ്റെയ്ന്‍ പറയുന്നത്. പോര്‍ച്ചുഗലിന്റെ ഫുട്‌ബോള്‍ ടീം അവരുടെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ലോകകപ്പില്‍ ബെഞ്ചിലിരുത്തിയതുപോലെയാണ് ഇന്ത്യ ഇന്ന് ബുംറയെ കളിപ്പിക്കാതിരുന്നതെന്നാണ് സ്‌റ്റെയ്ന്‍ കുറ്റപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സ്‌റ്റെയ്‌ന്റെ പ്രതികരണം.
'പോര്‍ച്ചുഗല്‍ ടീമിന് ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുണ്ട്. എന്നിട്ടും അവര്‍ അദ്ദേഹത്തെ കളിപ്പിക്കാതിരുന്നു. അതാണ് ഭ്രാന്ത്. അതുപോലെയാണ് ജസ്പ്രീത് ബുംറയെ ഇന്ത്യ ഇറക്കാത്തത്. ഞാന്‍ ആകെ കണ്‍ഫ്യൂഷനിലാണ്', സ്റ്റെയ്ന്‍ എക്‌സില്‍ കുറിച്ചു.
So Portugal have the best striker in the world in Ronaldo and they chose not to play him.
— Dale Steyn (@DaleSteyn62) July 2, 2025
Thats madness.
That’s like India having Bumrah and choosing not to play, umm, him… wait, oh, no, what! shit I’m confused 😵💫
അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കിയതില്‍ വലിയ വിമര്‍ശനങ്ങളാണ് കോച്ച് ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനും നേരിടേണ്ടി വരുന്നത്. ലോര്‍ഡ്സില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റില്‍ അദ്ദേഹം പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുംറയ്ക്കു പകരം ആകാശ് ദീപിനെയാണ് എഡ്ബാസ്റ്റണില്‍ പ്ലെയിങ് ഇലവനിലേക്ക് ഇന്ത്യ കൊണ്ടുവന്നത്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് ടീമിലെ മറ്റു സ്പെഷ്യലിസ്റ്റ് പേസര്‍മാര്‍.
Content Highlights: 'It's like Portugal not playing Ronaldo', Dale Steyn slams India for resting Jasprit Bumrah at Edgbaston