

അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ മഴ രസംകൊല്ലിയായെങ്കിലും ജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നിട്ടു. ഏഴുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തില്‍ രണ്ടുവിക്കറ്റോടെ നിതീഷ് കുമാര്‍ റെഡ്ഡി തിളങ്ങിയിരുന്നു. മത്സരശേഷം വാര്‍ത്താസമ്മേളനത്തിലെ നിതീഷ് കുമാറിന്റെ പ്രവൃത്തിയാണ് പക്ഷെ, ഇപ്പോള്‍ കൈയടി നേടുന്നത്. വാര്‍ത്താ സമ്മേളനത്തിനിടെ അമ്മയുടെ ഫോണ്‍ കോള്‍ വന്നതോടെ നിതീഷ് സംസാരം നിര്‍ത്തി കോള്‍ എടുക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് നിതീഷിന് ഫോണ്‍ കോള്‍ വന്നത്. ഫോണെടുത്ത് നോക്കിയതും താരം ഒരുനിമിഷം കാത്തിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഫോണെടുത്ത് 'അമ്മാ, ഞാന്‍ അഞ്ച് മിനിറ്റ് കഴിഞ്ഞ് വിളിക്കാം' എന്നുപറഞ്ഞ് ഫോണ്‍കട്ട് ചെയ്യുകയായിരുന്നു. 'സോറി, എനിക്ക് ഈ കോള്‍ എടുത്തേമതിയാകുമായിരുന്നുള്ളൂ' എന്ന് മാധ്യമപ്രവര്‍ത്തകരോടും താരം പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിതീഷിന്റെ ഹൃദ്യമായ പെരുമാറ്റം സമൂഹമാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന് ശേഷമാണ് നിതീഷ് കുമാര്‍ ഇന്ത്യന്‍ ടീമിലേക്ക് വന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി 13 ഇന്നിങ്‌സുകളില്‍ നിന്ന് 30.20 ശരാശരിയിലും 171.59 സ്‌ട്രൈക്ക് റേറ്റിലും 302 റണ്‍സ് നിതീഷ് നേടിയിരുന്നു. അഫ്ഗാനിസ്ഥാനെതിരെ നേടിയ വിജയത്തിലും നിതീഷ് നിര്‍ണായ പങ്കുവഹിച്ചു. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയ നിതീഷ് രണ്ട് വിക്കറ്റ് വീഴ്ത്തി. 51 പന്തില്‍ 8 സിക്‌സും 8 ഫോറും ഉള്‍പ്പെടെ 102 റണ്‍സെടുത്ത ഗുര്‍ബാസിനെയും ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയെയുമാണ് നിതീഷ് വീഴ്ത്തിയത്. ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം. ഉച്ചയ്ക്ക് ശേഷം 1.30ന് ലഖ്‌നൗവിലാണ് മത്സരം നടക്കുക.
content highlights: Mother's call during press conference; Nitish Kumar wins hearts