
വെസ്റ്റ് ഇൻഡീസ് മുൻ സൂപ്പർ താരം കീറോൺ പൊള്ളാർഡ് 38 വയസിലും ക്രിക്കറ്റിൽ തിളങ്ങി നിൽക്കുന്നു. മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ മുംബൈ ഇന്ത്യൻസ് ന്യൂയോർക്ക് താരമായാണ് പൊള്ളാർഡിന്റെ വെടിക്കെട്ട്. സാൻ ഫ്രാൻസിസ്കോ യുണികോൺസിനെതിരായ മത്സരത്തിലാണ് പൊള്ളാർഡ് തന്റെ മികവിന് മാറ്റമില്ലെന്ന് തെളിയിച്ചത്.
മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ന്യൂയോർക്ക് ആണ് ആദ്യം ബാറ്റ് ചെയ്തത്. 16-ാം ഓവറിലാണ് പൊള്ളാർഡിന്റെ വെടിക്കെട്ടിന് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ഹസ്സൻ ഖാൻ എറിഞ്ഞ ആദ്യ പന്തിൽ പൊള്ളാർഡിന് റൺസ് നേടാൻ കഴിഞ്ഞില്ല. രണ്ടാം പന്തിൽ ബൗണ്ടറി നേടി. തുടർന്ന് ഹസ്സൻ എറിഞ്ഞ നാല് പന്തും പൊള്ളാർഡ് നിലംതൊടാതെ ഗ്യാലറിയിലെത്തിച്ചു. മത്സരത്തിൽ 16 പന്തിൽ 30 റൺസാണ് പൊള്ളാഡ് നേടിയത്.
അതിനിടെ പൊള്ളാർഡിന്റെ വെടിക്കെട്ടിനിടെയിലും മുംബൈ ഇന്ത്യൻസ് ന്യൂയോർക്കിന് മത്സരം വിജയിക്കാൻ കഴിഞ്ഞില്ല. പൊള്ളാർഡിനെ കൂടാതെ ന്യൂയോർക്കിനായി 38 പന്തിൽ അഞ്ച് ഫോറും നാല് സിക്സറും സഹിതം 63 റൺസെടുത്ത ക്വിന്റൺ ഡി കോക്കും നന്നായി കളിച്ചു. ആദ്യ ബാറ്റിങ്ങി നിശ്ചിത 20 ഓവറിൽ ന്യൂയോർക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ സാൻ ഫ്രാൻസിസ്കോയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. ഒരു ഘട്ടത്തിൽ നാലിന് 42 എന്ന നിലയിൽ സാൻ ഫ്രാൻസിസ്കോ തകർന്നടിഞ്ഞു. പിന്നീട് ടിം സെയ്ഫേർട്ട് 27 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം 33 റൺസ്, ഹസൻ ഖാൻ 17 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സറും സഹിതം 43 റൺസ് എന്നിവർ പോരാട്ടം നയിച്ചു. എങ്കിലും എട്ടാമനായി ക്രീസിലെത്തി 25 പന്തിൽ നാല് ഫോറും അഞ്ച് സിക്സറും സഹിതം 59 റൺസ് നേടിയ സേവ്യർ ബാർട്ട്ലെറ്റാണ് സാൻ ഫ്രാൻസിസ്കോയുടെ വിജയശിൽപ്പി. മത്സരത്തിലെ താരമായതും ബാർട്ട്ലെറ്റ് തന്നെയാണ്.
Content Highlights: Kieron Pollard slammed four sixes in his cameo