
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായ പേസര്‍ ജസ്പ്രീത് ബുംമ്രയെ എങ്ങനെ ഉപയോഗിക്കണമെന്ന നിര്‍ദേശവുമായി മുന്‍ താരം സൗരവ് ഗാംഗുലി. ജൂണ്‍ 20ന് അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് നിര്‍ദേശവുമായി ഗാംഗുലി എത്തിയത്. അഞ്ച് മത്സരങ്ങളുള്ളതിനാല്‍ തന്നെ ബുംമ്രയുടെ ജോലിഭാരം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുക എന്നത് നിര്‍ണായകമാണെന്ന് ദാദ അഭിപ്രായപ്പെട്ടു.
'ജസ്പ്രീത് ബുംമ്രയെ അമിതമായി ഉപയോഗിക്കാന്‍ പാടില്ലെന്ന കാര്യം ശുഭ്മാന്‍ ഗില്‍ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. വിക്കറ്റെടുക്കുന്ന ബൗളറായി ബുംമ്രയെ ഉപയോഗിക്കുകയും ദൈര്‍ഘ്യം കുറഞ്ഞ സ്പെല്ലുകള്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്യണം. അങ്ങനെയെങ്കില്‍ മാത്രമാണ് അഞ്ച് ടെസ്റ്റുകളിലും ബുംമ്രയ്ക്ക് പരിക്കേല്‍ക്കാതെ ഫിറ്റായിരിക്കാന്‍ കഴിയുക', ഗാംഗുലി പറഞ്ഞു.
കൂടാതെ മറ്റു ബൗളര്‍മാരെ കൂടുതല്‍ നന്നായി ഉപയോഗിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തുകയും വേണം. യുവതാരം അര്‍ഷ്ദീപ് സിങ്ങിനും മുഹമ്മദ് സിറാജിനുമെല്ലാം വളരെ മികച്ച ഫിറ്റ്നസും ശേഷിയുമെല്ലാമുണ്ട്', ദാദ കൂട്ടിച്ചേര്‍ത്തു.
അവസാനമായി കളിച്ച ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കിടെ ബുംമ്രയ്ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഒരോവര്‍ പോലും എറിയാനാവാതെ അദ്ദേഹത്തിനു പിന്മാറേണ്ടിയും വന്നിരുന്നു. തുടര്‍ന്നു മാസങ്ങളോളം പുറത്തിരുന്ന ബുംമ്ര ഐപിഎല്ലിലൂടെയാണ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്.
Content Highlights: Sourav Ganguly Suggests How India Can Use Jasprit Bumrah Optimally For All Five Tests Against England