'ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തള്ളി'; അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ

അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രി മറുപടി നല്‍കിയത്

'ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തള്ളി'; അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ
dot image

ന്യൂഡല്‍ഹി: ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ച അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി തള്ളിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍. അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. നിലവിലെ മാതൃകയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്നും വിദഗ്ധ സമിതി അറിയിച്ചതായി മന്ത്രി പറഞ്ഞു. കേരളത്തില്‍ റെയില്‍വേ വികസനത്തിന് മുന്‍ നിശ്ചയിച്ച പദ്ധതികളുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചെന്നും കേന്ദ്രം അറിയിച്ചു.

ഇ ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും നിലവിലെ പ്ലാനില്‍ പദ്ധതി പറ്റില്ലെന്നാണ് വിദഗ്ധ സമിതി അറിയിച്ചതെന്ന് വി ഡി സതീശന്‍ മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. പരിസ്ഥിതി ആഘാതപഠനം ഉള്‍പ്പെടെ സര്‍ക്കാര്‍ വീണ്ടും നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 'ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അത് പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ഡിഎംആര്‍സി റിപ്പോര്‍ട്ട് പൂര്‍ണ്ണമല്ലെന്നാണ് വിദഗ്ധ സമിതി വിലയിരുത്തല്‍. കേരളത്തിന്റെ പരിമിതമായ സാമ്പത്തിക വിഭവശേഷി, യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്താത്തത്, പാരിസ്ഥിതിക സാമൂഹിക പഠനം നടത്താത്തതിനാലും ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തുടര്‍നടപടികള്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നുണ്ട്', എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഇ ശ്രീധരന്‍ പ്രൊപ്പോസല്‍ മുഖ്യമന്ത്രി വി ഡി സതീശന് മുന്‍പാകെ സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു ഇതേപ്പറ്റി പഠിക്കാന്‍ നാലംഗ ഉപസമിതിയെ നിയോഗിച്ചത്. ഗതാഗത സെക്രട്ടറി ടി വി അനുപമ, ദക്ഷിണ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ ജെ വിനയന്‍, സാമ്പത്തിക വിദഗ്ധന്‍ ഡോ. ടി വീരമണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരായിരുന്നു ഉപമിതി അംഗങ്ങള്‍. ഈ ഉപസമിതി അഞ്ച് തവണ യോഗം ചേര്‍ന്നിരുന്നു. ഇ ശ്രീധരന്‍ സമര്‍പ്പിച്ച ഇന്ററിം റിപ്പോര്‍ട്ടില്‍ ഉപസമിതിക്ക് ചില സംശയങ്ങളുണ്ടായിരുന്നു. ഇതിന് പുറമേ തുക എന്തിനൊക്കെ ചെലവഴിക്കും എന്നത് സംബന്ധിച്ചും ഉപസമിതിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന ഉപസമിതിയുടെ ആവശ്യം മുന്‍നിര്‍ത്തി ഇ ശ്രീധരന്റെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ എത്തി വിശദീകണം നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമായിരുന്നു പദ്ധതി വിദഗ്ധ സമിതി തള്ളിയത്.

ജനുവരി 24ന് വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതി ഇ ശ്രീധരന്‍ അവതരിപ്പിച്ചത്. സ്റ്റേഷനുകള്‍ അടക്കം വിശദമായ പ്ലാന്‍ ആയിരുന്നു ഇ ശ്രീധരന്‍ അവതരിപ്പിച്ചത്. പതിനാല് സ്റ്റേഷനായിരിക്കും ആദ്യ പ്ലാനെന്നായിരുന്നു ശ്രീധരന്‍ പറഞ്ഞത്. അത് പിന്നീട് 22 ആയി ഉയര്‍ത്തുമെന്നും ആദ്യ സ്റ്റോപ്പ് തിരുവനന്തപുത്തായിരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം(കരിപ്പൂര്‍), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിങ്ങനെയായിരിക്കും സ്റ്റേഷനുകള്‍. എറണാകുളത്ത് ബൈപ്പാസിനോട് അടുപ്പിച്ചായിരിക്കും സ്റ്റേഷന്‍ വരിക. കാസര്‍കോട് നിന്ന് യാത്രക്കാര്‍ കുറവാണെന്നാണ് പഠനം കണ്ടെത്തിയതെന്നും അതുകൊണ്ട് കാസര്‍കോട് ഒഴിവാക്കിയതെന്നും ശ്രീധരന്‍ വിശദീകരിച്ചിരുന്നു.

Content Highlights- Railway Minister Ashwini Vaishnaw told Rajya Sabha that the expert committee appointed by the Kerala government rejected E Sreedharan’s high speed rail project proposal

dot image
To advertise here,contact us
dot image