3-ാം നമ്പറില്‍ സര്‍പ്രൈസ് താരം; ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്ത് ഉത്തപ്പ

ആറാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിനെ ഉത്തപ്പ ഉള്‍പ്പെടുത്തി

dot image

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. ജൂൺ 20ന് തുടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള പ്ലേയിങ് ഇലവനെയാണ് ഉത്തപ്പ തിരഞ്ഞെടുത്തത്. സ്റ്റാർ സ്പോർട്സിലെ ചർച്ചക്കിടെയായിരുന്നു ഉത്തപ്പയുടെ നിർദേശം.

ഐപിഎല്ലിലും ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിലും തിളങ്ങിയ കെ എല്‍ രാഹുല്‍ തന്നെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും ഓപണറായി ഇറങ്ങണമെന്നാണ് ഉത്തപ്പ പറയുന്നത്. ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ രാഹുല്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സില്‍ അര്‍ധസെഞ്ച്വറിയും നേടിയിരുന്നു. മികച്ച ഫോമിലുള്ള യശസ്വി ജയ്സ്വാൾ തന്നെ രാഹുലിനൊപ്പം ഓപണിങ്ങിന് ഇറങ്ങണമെന്നാണ് ഉത്തപ്പ നിർദേശിക്കുന്നത്.

മൂന്നാം നമ്പറില്‍ ഐപിഎല്ലിലെ ടോപ് സ്കോററായ സായ് സുദര്‍ശനെയാണ് ഉത്തപ്പ തിരഞ്ഞെടുത്തത്. മികച്ച സാങ്കേതികത്തികവുള്ള താരമാണ് സായ് എന്നും മൂന്നാം നമ്പറില്‍ തിളങ്ങാനുള്ള പ്രതിഭ താരത്തിനുണ്ടെന്നും ഉത്തപ്പ പറഞ്ഞു. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ നാലാം നമ്പറില്‍ തിരഞ്ഞെടുത്തപ്പോൾ അഞ്ചാം നമ്പറിൽ കരുണ്‍ നായരെയാണ് ഉത്തപ്പ നിര്‍ദേശിക്കുന്നത്.

ആറാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിനെ ഉത്തപ്പ ഉള്‍പ്പെടുത്തി. ബാറ്റിങ് ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിക്കും സ്പിന്‍ ഓള്‍‌റൗണ്ടറായി രവീന്ദ്ര ജഡേജയെയും ഉത്തപ്പ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കി. അതേസമയം കുല്‍ദീപ് യാദവിന് ഉത്തപ്പയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. പേസര്‍മാരായി ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ എന്നിവരെയാണ് ഉത്തപ്പ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

Content Highlights: Robin Uthappa Reveals Ideal India XI For England Tests, Favours Rahul-Jaiswal Opening Pair

dot image
To advertise here,contact us
dot image