
ഈ മാസം 20ന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് കൂടുതൽ റോളുകൾ നൽകാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം തീരുമാനം. പേസ് ബൗളർ ജസ്പ്രീത് ബുംമ്രയ്ക്ക് മൂന്ന് ടെസ്റ്റിൽ മാത്രമെ കളിക്കാൻ കഴിയുവെന്നതും മുഹമ്മദ് ഷമി ഇംഗ്ലണ്ട് പരമ്പരയിൽ കളിക്കാത്തതുമാണ് നിതീഷിന്റെ ഇന്ത്യൻ ടീമിൽ നിതീഷിന്റെ റോൾ വലുതാകാൻ കാരണം. ബൗളിങ്ങിൽ നിതീഷ് കൂടുതൽ ഓവറുകൾ എറിയണമെന്ന് ഇന്ത്യൻ ടീം ബൗളിങ് പരിശീലകൻ മോണി മോർക്കൽ താരത്തിന് നിർദ്ദേശം നൽകി.
'മാജിക് ബോളുകൾ എറിയാൻ കഴിവുള്ള താരമാണ് നിതീഷ്. എങ്കിലും ബൗളിങ്ങിൽ മികച്ച പ്രകടനം നിതീഷ് നിലനിർത്തുകയാണ് വേണ്ടത്. ഇക്കാര്യം ഇന്ത്യൻ ടീം ആഗ്രഹിക്കുന്നുണ്ട്. സ്ഥിരതയാർന്ന പ്രകടനം നിതീഷിന്റെ ബൗളിങ് മികവ് വർധിക്കുന്നതിലും പ്രധാനമാണ്.' മോണി മോർക്കൽ ഇന്നലത്തെ പരിശീലന സെഷന് ശേഷം പ്രതികരിച്ചു.
'ബാറ്റിങ്ങിൽ നിതീഷിന് തിളങ്ങാൻ ആകുമെന്ന് ഇന്ത്യൻ ടീം മാനേജ്മെന്റിന് അറിയാം. അതുപോലെ ബൗളിങ്ങിലും മികവ് പുലർത്തണം. അതിനായി താരം കൂടുതൽ ഓവറുകൾ എറിയണം,' മോർക്കൽ കൂട്ടിച്ചേർത്തു.
'ഇംഗ്ലണ്ടിൽ മികച്ച ബൗളിങ് നിരയുണ്ടെങ്കിൽ അത് ഒരു ടീമിന് ആവേശം പകരുന്ന ഘടകമായിരിക്കും. ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് പൂർണത വരുത്താൻ നിതീഷ് കുമാർ റെഡ്ഡിക്ക് കഴിയും,' മോൺ മോർക്കൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒടുവിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിതീഷ് കുമാർ റെഡ്ഡിയുടെ അരങ്ങേറ്റം. പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകളായിരുന്നു താരത്തിന്റെ സമ്പാദ്യം. ബാറ്റുകൊണ്ട് 298 റൺസും താരം അടിച്ചുകൂട്ടിയിരുന്നു.
Content Highlights: Nitish Kumar Reddy told to be ready for bigger bowling workload in England