
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം നിക്കോളസ് പുരാന്‍. 29ാം വയസ്സിലാണ് വെടിക്കെട്ട് ബാറ്ററിന്റെ ഞെട്ടിപ്പിക്കുന്ന തീരുമാനം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പൂരന്‍ വിരമിക്കല്‍ പ്രഖ്യാപനം പുറത്തുവിട്ടത്. വളരെ കഠിനമായ തീരുമാനമായിരുന്നു ഇതെന്ന് വൈകാരികമായ പോസ്റ്റില്‍ പുരാന്‍ എഴുതി.
കഴിഞ്ഞ കുറച്ച് കാലമായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്നു പുരാന്‍. ബുദ്ധിമുട്ടായ തീരുമാനമായിരുന്നുവെന്നും എന്നാല്‍ ഒരുപാട് ആലേചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം പോസ്റ്റില്‍ എഴുതി. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ വിന്‍ഡീസിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററാണ് പുരാന്‍.
'നമ്മള്‍ സ്നേഹിക്കുന്ന ഈ കളി ഒരുപാട് കാര്യങ്ങള്‍ തന്നിട്ടുണ്ട്, ഇനിയും തരും - സന്തോഷം, ലക്ഷ്യം, മറക്കാനാവാത്ത ഓര്‍മ്മകള്‍ എന്നിവയെല്ലാം ക്രിക്കറ്റ് തന്നു. വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിക്കാനുള്ള അവസരം, ആ മെറൂണ്‍ വസ്ത്രം ധരിച്ച്, ദേശീയഗാനത്തിനായി എഴുന്നേറ്റ്, ഓരോ തവണയും ഞാന്‍ കളിക്കളത്തില്‍ കാലുകുത്തുമ്പോള്‍ എനിക്ക് ലഭിച്ചതെല്ലാം ക്രിക്കറ്റ് നല്‍കിയതാണ്… അത് എനിക്ക് എത്രത്തോളം അര്‍ത്ഥമാക്കുന്നതെന്ന് വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണ്. ക്യാപ്റ്റനായി വെസ്റ്റ ഇന്‍ഡീസ് ടീമിനെ നയിച്ചത് എന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ഒരു പദവിയാണ്,' പുരാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റിലെ അധ്യായം അവസാനിച്ചാലും വെസ്റ്റ് ഇന്‍ഡീസ് ടീമിനോടുള്ള സ്നേഹം ഒരിക്കലും മങ്ങുകയില്ല. മുന്നോട്ടുള്ള പാതയില്‍ ടീമിന് വിജയവും ശക്തിയും മാത്രമേ ആശംസിക്കുന്നുള്ളൂവെന്നും പുരാന്‍ കുറിച്ചു.
2016ല്‍ അന്താരാഷ്ട്ര വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശേഷം 61 ഏകദിനങ്ങളും 106 ടി-20 മത്സരങ്ങളും പുരാന്‍ വെസ്റ്റ് ഇന്‍ഡീസിനായി കളിച്ചിട്ടുണ്ട്. 2019ല്‍ ആരംഭിച്ച ഏകദിന കരിയറില്‍ മൂന്ന് സെഞ്ച്വറികളും 11 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെ 39.66 ശരാശരിയിലും 99.15 സ്‌ട്രൈക്ക് റേറ്റിലും 1983 റണ്‍സ് നേടാന്‍ പുരാന് സാധിച്ചു.
അന്താരാഷ്ട്രി ടി-20യില്‍ 97 ഇന്നിങ്‌സുകള്‍ കളിച്ച പുരാന്‍ 136.39 സ്‌ട്രൈക്ക് റേറ്റില്‍ 2275 റണ്‍സ് നേടിയിട്ടുണ്ട്. 13 അര്‍ധശതകം തികച്ച താരം വിന്‍ഡീസീനായി ഏറ്റവും കൂടുതല്‍ ടി-20 റണ്‍സ് നേടിയ താരമായാണ് വിരമിക്കുന്നത്.
Content Highlights-Nicholas Pooran announces shock retirement from international cricket at 29