

ചെന്നൈ: ഗണവേഷം ധരിച്ച് ആര്‍എസ്എസ് മാര്‍ച്ചില്‍ പങ്കെടുത്ത് ശതകോടീശ്വരനും സോഹോ സ്ഥാപകനുമായ ശ്രീധര്‍ വെമ്പു. ഞായറാഴ്ച തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ശങ്കരന്‍കോവിലില്‍ നടന്ന മാര്‍ച്ചിലാണ് വെമ്പു പങ്കെടുത്തത്. തെങ്കാശിയിലെ ബിജെപി നേതാവ് അനന്തന്‍ അയ്യസ്വാമി ശ്രീധര്‍ വെമ്പു മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചു.
ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി നടന്ന രണ്ടാംഘട്ട ഘോഷയാത്രയുടെ ഭാഗമായായിരുന്നു മാര്‍ച്ച്. ഒക്ടോബര്‍ 25, നവംബര്‍ ഒന്ന് തീയതികളില്‍ തമിഴ്‌നാട്ടിലുടനീളം മാര്‍ച്ച് നടത്താന്‍ ഉപാധികളോടെ മദ്രാസ് ഹൈക്കോടതി ആര്‍എസ്എസിന് അനുമതി നല്‍കിയിരുന്നു. പ്രാദേശിക പൊലീസിന്റെ നിബന്ധനകള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. ഉപാധികളോടെ മാര്‍ച്ചിന് അനുമതി നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഇതോടെ ഒക്ടോബര്‍ പതിനാറിന് ജസ്റ്റിസ് വി ലക്ഷ്മി നാരായണന്റെ ബെഞ്ച് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കി.
റൂട്ട് മാര്‍ച്ചിന് അനുമതി തേടി ആര്‍എസ്എസ് പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. ഇതോടെയാണ് ആര്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചത്. 2022 മുതല്‍ സംഘടനയ്ക്ക് ഇത്തരത്തിലുള്ള വിലക്കുകള്‍ നേരിടേണ്ടി വരികയാണെന്ന് ആര്‍എസ്എസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights- Zoho co-founder Sridhar Vembu was seen participating in an RSS march wearing the organisation's uniform. His appearance at the march has attracted public attention.