

ചെന്നൈ: തമിഴ്നാട്ടില്‍ റെയില്‍വെ യാര്‍ഡില്‍ നിന്ന് തനിയെ ഉരുണ്ട് നീങ്ങി ആറ് കിലോമീറ്ററോളം ഓടി ട്രെയിന്‍ കോച്ചുകള്‍. ലോക്കോ പൈലറ്റോ എൻജിനോ ഇല്ലാതെയാണ് ഏഴ് ഒഴിഞ്ഞ കോച്ചുകള്‍ പാളത്തിലൂടെ നീങ്ങിയത്. ആറ് കിലോമീറ്ററോളം സഞ്ചരിച്ച കോച്ചുകള്‍ തിരുപ്പത്തൂര്‍ ജില്ലയിലെ താമലേരി മുത്തൂരിന് സമീപമെത്തി പാളം തെറ്റി. സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു-ചെന്നൈ റൂട്ടിലെ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. റെയില്‍വെ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
തമിഴ്നാട്ടിലെ ജോളാര്‍പേട്ടൈ ജങ്ഷനിലെ കോച്ച് മെയിന്റനന്‍സ് യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന ഏഴ് ഒഴിഞ്ഞ കോച്ചുകളാണ് ഇത്തരത്തില്‍ നീങ്ങിയത്. പ്രാഥമിക വിവരമനുസരിച്ച്, എന്‍ജിന്‍ ഉപയോഗിച്ച് നീക്കിയ കോച്ചുകള്‍ കൃത്യമായി സുരക്ഷിതമാക്കി നിര്‍ത്തിയിടാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. തുടര്‍ന്ന് കോച്ചുകള്‍ തനിയെ മുന്നോട്ടുനീങ്ങി യാര്‍ഡ് പരിധിയും കടന്ന് ബെംഗളൂരു-ജോളാര്‍പേട്ടൈ പ്രധാന റെയില്‍വെ പാതയിലൂടെ ഏകദേശം ആറ് കിലോമീറ്ററാണ് സഞ്ചരിച്ചത്. ഇതിന് ശേഷമാണ് താമലേരി മുത്തൂരിന് സമീപം പാളം തെറ്റിയത്.

പാളം തെറ്റിയ കോച്ചുകളില്‍ നിന്നുള്ള അസാധാരണ ശബ്ദം ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍തന്നെ റെയില്‍വെ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് ജോളാര്‍പേട്ടൈയിലേക്ക് എത്തിയേക്കാവുന്ന ട്രെയിനുകള്‍ തടയാന്‍ വിവിധ സ്റ്റേഷനുകളിലേക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതോടെ വലിയൊരു ട്രെയിന്‍ അപകടം ഒഴിവാക്കാനായെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് റെയില്‍വെ ജീവനക്കാര്‍ സ്ഥലത്തെത്തി പാളം തെറ്റിയ കോച്ചുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.
സംഭവത്തെ തുടര്‍ന്ന് തിരക്കേറിയ ബെംഗളൂരു-ചെന്നൈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകള്‍ വൈകിയതായാണ് റിപ്പോര്‍ട്ടുകള്‍. 16 റെയില്‍വെ ട്രാക്കുകളുള്ള ജോളാര്‍പേട്ടൈ ജങ്ഷന്‍ തമിഴ്നാട്ടിലെ പ്രധാന റെയില്‍വെ കേന്ദ്രങ്ങളിലൊന്നാണ്. ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വെ യാര്‍ഡുകളിലൊന്നും ഇവിടെയാണുള്ളത്. വാര്‍ത്ത പുറത്തുവന്നതോടെ റെയില്‍വെ സുരക്ഷ സംബന്ധിച്ച വലിയ ആശങ്കയാണുയരുന്നത്. അറ്റകുറ്റപ്പണികള്‍ക്കായി യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കോച്ചുകള്‍ എങ്ങനെയാണ് നിയന്ത്രണമില്ലാതെ നീങ്ങിത്തുടങ്ങിയതെന്ന കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് വിവരം. വലിയ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചേക്കും. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുകയാണ്.
Content Highlights: Seven empty railway coaches rolled away unattended from Jolarpettai railway yard in Tamil Nadu's Tirupattur district