

ഇന്ത്യൻ പ്രീമിയർ ലീഗ് 2025ലെ ചാംപ്യനായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഒരുകാലത്ത് കുപ്രസിദ്ധ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലായിരുന്നു. എന്നാൽ 2008ൽ ഐപിഎൽ ആരംഭിക്കുമ്പോൾ ആർസിബിയെ താൻ വാങ്ങിയത് ക്രിക്കറ്റിന്റെ വളർച്ച മുന്നിൽ കണ്ടല്ലെന്നാണ് മല്യ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. രാജ് ഷമാനിയുടെ പോഡ്കാസ്റ്റിനോടായിരുന്നു മല്യയുടെ വാക്കുകൾ.
2008ല്‍ ലളിത് മോഡി ബിസിസിഐക്ക് മുമ്പിൽ ഐപിഎല്‍ ക്രിക്കറ്റ് ലീഗ് എന്ന ആശയം മുന്നോട്ടുവെച്ചു. പിന്നാലെ ലളിത് മോഡി ലേലത്തിൽ ടീമിനെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചു. മുംബൈ ഉൾപ്പെടെ മൂന്ന് ടീമുകൾക്കായി ഞാൻ ശ്രമിച്ചു. വളരെ ചെറിയ തുകയ്ക്ക് എനിക്ക് മുംബൈ നഷ്ടമായി. ഒടുവിൽ ബെംഗളൂരുവാണ് എനിക്ക് ലഭിച്ചത്. വിജയ് മല്യ പറഞ്ഞു.
ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിന്‍റെ മുഖച്ഛായ മാറ്റുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ലേലത്തിൽ അന്നത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയ്ക്കായിരുന്നു (600-700 കോടി രൂപ) ഞാൻ ആർസിബിയെ വാങ്ങിയത്. പിന്നീട് ആർസിബിയെ ഒരു ബ്രാൻഡായി മാറ്റാൻ ഞാൻ ശ്രമം നടത്തി. മല്യ കൂട്ടിച്ചേർത്തു.
ബ്രാൻഡ‍് ഉയർത്തുന്നതിന്റെ ഭാഗമായി ഐപിഎല്‍ മത്സരങ്ങളില്‍ ചിയര്‍ ലീഡര്‍മാരെ കൊണ്ടുവന്നു. സെലിബ്രിറ്റികളെ ഉൾപ്പെടുത്തി നൈറ്റ് പാർട്ടി നടത്തി. യുനൈറ്റഡ് ബ്രുവറീസിന്‍റെ മദ്യ ബ്രാന്‍ഡുകളായ കിംഗ്ഫിഷറും റോയല്‍ ചലഞ്ചുമായിരുന്നു ടീമിന്‍റെ പ്രധാന സ്പോൺസര്‍മാര്‍. ഓരോ മത്സരവും ആഘോഷമാക്കുകയായിരുന്നു ഞങ്ങൾ ചെയ്തത്. ഐപിഎല്ലോടെ ബെംഗളൂരു നഗരത്തിന്‍റെ ഹൃദയതാളമായി ആര്‍സിബി മാറി. മല്യ പ്രതികരിച്ചു.
സത്യം പറഞ്ഞാല്‍ ക്രിക്കറ്റിനോടുള്ള സ്നേഹംകൊണ്ടല്ല ഞാൻ ആർസിബി വാങ്ങിയത്. രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, വിരാട് കോഹ്‍ലി, ജാക് കാലിസ് തുടങ്ങിയ താരങ്ങളെ ടീമിലെടുത്തത് ഐപിഎൽ വിജയിക്കാൻ വേണ്ടിയായിരുന്നു. എങ്കിലും എന്‍റെ ഉടമസ്ഥതയിലുള്ള മദ്യ ബ്രാൻഡായ റോയല്‍ ചലഞ്ച് വിസ്കിയുടെ പ്രമോഷനായിരുന്നു അന്നത്തെ പ്രധാന ലക്ഷ്യം. വിജയ് മല്യ വ്യക്തമാക്കി.
2008ൽ വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റ്സിന് ആർസിബിയുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. എന്നാൽ 2016ൽ 9000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പിൽ പ്രതിയായ വിജയ് മല്യ പണം തിരികെയടക്കാൻ കഴിയാതെ രാജ്യം വിടുകയായിരുന്നു. ഇതോടെ ഡിയാജിയോ ഇന്ത്യ ആർസിബിയുമായി ചേർന്ന് യുണൈറ്റഡ് സ്പിരിറ്റ്സിന്റെ നിയന്ത്രണം ഏറ്റെടുത്തു. എന്നാൽ ഇപ്പോൾ ആർസിബി യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലാണ്.
Content Highlights: Vijay Mallya's Big RCB Revelation: The 'Business' Behind Decision To Buy Team In 2008