കെ എല്‍ രാഹുലിന് സെഞ്ച്വറി; ഇംഗ്ലണ്ട് ലയണ്‍സിനെതിരെ 300 കടന്ന് ഇന്ത്യ എ

ധ്രുവ് ജുറേല്‍ അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തു

കെ എല്‍ രാഹുലിന് സെഞ്ച്വറി; ഇംഗ്ലണ്ട് ലയണ്‍സിനെതിരെ 300 കടന്ന് ഇന്ത്യ എ
dot image

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് വേണ്ടി സെഞ്ച്വറി നേടി കെ എല്‍ രാഹുല്‍. 102 പന്തുകളില്‍ നിന്ന് അര്‍ധ സെഞ്ച്വറി തികച്ച രാഹുല്‍ 151 പന്തുകളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്നാം സെഷനില്‍ 168 പന്തില്‍ 116 റണ്‍സ് നേടി രാഹുല്‍ പുറത്താവുകയും ചെയ്തു. ധ്രുവ് ജുറേല്‍ അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ നിലവില്‍ 79 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെന്ന നിലയിലാണ്. 24 പന്തില്‍ മൂന്ന് റണ്‍സ് നേടി തനുഷ് കൊട്ടിയാനും റണ്‍സൊന്നുമെടുക്കാതെ അന്‍ഷുല്‍ കാംബോജുമാണ് ക്രീസില്‍.

ഓപണര്‍ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ എയ്ക്ക് ലഞ്ചിന് പിരിയുമ്പോള്‍ നഷ്ടമായത്. ജയ്‌സ്വാള്‍ 17 റണ്‍സെടുത്തും ഈശ്വരന്‍ 11 റണ്‍സെടുത്തും പുറത്തായി. ക്രിസ് വോക്‌സാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. മലയാളി താരം കരുണ്‍ നായര്‍ 71 പന്തില്‍ 40 റണ്‍സെടുത്തും ധ്രുവ് ജുറേല്‍ 87 പന്തില്‍ 52 റണ്‍സുമെടുത്ത് പുറത്തായി. നിതീഷ് കുമാര്‍ റെഡ്ഡി (34), ശര്‍ദ്ദുല്‍ താക്കൂര്‍ (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ നിന്ന് അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ എ രണ്ടാം മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ഇതില്‍ ബാറ്റിങ് നിരയില്‍ ഒരു മാറ്റമാണ് വരുത്തിയിരിക്കുന്നത്. ജൂണ്‍ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന സര്‍ഫറാസ് ഖാനെ ഇന്ന് ആരംഭിച്ച മത്സരത്തില്‍ നിന്നും ഒഴിവാക്കി. പകരമായി കെ എല്‍ രാഹുല്‍ ടീമിലേക്കെത്തി. യശസ്വി ജയ്‌സ്വാളിനൊപ്പം ഓപണറുടെ റോളിലാണ് രാഹുല്‍ കളിക്കുന്നത്. ബൗളിങ് വിഭാഗത്തിലാണ് ഇന്ത്യ വലിയ മാറ്റങ്ങള്‍ വരുത്തിയത്.

ഹര്‍ഷ് ദൂബെ, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍ എന്നിവര്‍ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നെങ്കിലും രണ്ടാം ടെസ്റ്റില്‍ നിന്നൊഴിവാക്കി. പകരമായി തനൂഷ് കോട്യാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഖലീല്‍ അഹമ്മദ് എന്നിവരാണ് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഇരുടീമിന്റെയും ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ മത്സരം സമനിലയിലായിരുന്നു.

Content Highlights: KL Rahul begins tour of England with scintillating hundred vs England Lions

dot image
To advertise here,contact us
dot image