
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ നിമിഷത്തെ കുറിച്ച് റോയല്‍ ചലഞ്ചേഴ്സ് ഫാസ്റ്റ് ബോളര്‍ യഷ് ദയാല്‍. 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആര്‍സിബി ഐപിഎല്‍ ചാംപ്യന്മാരായ നിമിഷം വളരെ വൈകാരികമായിരുന്നെന്ന് ദയാല്‍ പറഞ്ഞു. ആര്‍സിബിയുടെ വിജയത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കിയ യാഷ് അദ്ദേഹത്തിന് വേണ്ടി എന്തുതന്നെ ചെയ്താലും അത് കൂടുതലാകില്ലെന്നും പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍സിബിയുടെ ഇടംകൈയന്‍ സീമര്‍. 'വിരാട് ഭയ്യയ്ക്ക് വേണ്ടി എന്ത് ചെയ്താലും അത് മതിയാവില്ല. ഈ ഫ്രാഞ്ചൈസിക്ക് വേണ്ടി അദ്ദേഹം തന്റെ 18 വര്‍ഷം നല്കി. ഈ കാലയളവില്‍ ടീമിന്റെ ഉയര്‍ച്ച താഴ്ചകളും കണ്ടു. ട്രോഫി നേടിയതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ഭാവിയിലും അത് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു', ദയാല്‍ പറഞ്ഞു.
ഐപിഎല്‍ കിരീടം സ്വന്തമായ നിമിഷത്തെ കുറിച്ചും ദയാല്‍ മനസ് തുറന്നു. ഫൈനലിനുശേഷം തന്റെ സഹതാരങ്ങളില്‍ ഭൂരിഭാഗവും കണ്ണുനീര് പൊഴിച്ചെങ്കിലും കരയാന്‍ തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് യാഷ് ദയാല്‍ വെളിപ്പെടുത്തി. 'സത്യം പറഞ്ഞാല്‍ ഞാന്‍ വികാരഭരിതനായിരുന്നു. പക്ഷേ പതിവുപോലെ ഞാന്‍ കരഞ്ഞില്ല. അതൊരുതരം സന്തോഷകരമായ വികാരമായിരുന്നു', ദയാല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണില്‍ പഞ്ചാബ് കിംഗ്സിനെ തകര്‍ത്താണ് ആര്‍സിബി ആദ്യമായി ചാംപ്യന്മാരായത്. ജൂണ്‍ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പഞ്ചാബിനെതിരെ ആറ് റണ്‍സിനായിരുന്നു ആര്‍സിബിയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 43 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ആര്‍സിബി നിരയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 16 പന്തില്‍ 26 റണ്‍സുമെടുത്തു.
മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിലെത്താനേ പഞ്ചാബ് കിങ്സിന് സാധിച്ചുള്ളു. 30 പന്തില്‍ പുറത്താകാതെ 61 റണ്‍സെടുത്ത ശശാങ്ക് സിങ് പഞ്ചാബിനായി അവസാന നിമിഷം വരെ പൊരുതിയിരുന്നു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യയാണ് ആര്‍സിബി ബൗളിങ് നിരയില്‍ തിളങ്ങിയത്.
Content Highlights: Yash Dayal reflects on RCB players helping Virat Kohli achieve IPL glory