സ്റ്റുപിഡ്! 'സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അനുഷ്‌കയും സുഹൃത്തും പുച്ഛിച്ചു'; ആരോപണവുമായി ആരാധകർ

അനുഷ്‌ക ശര്‍മയ്ക്കും സുഹൃത്തിനുമെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സെഞ്ച്വറി നേടി ഫോമിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്. മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ആറ് വിക്കറ്റിന്റെ പരാജയം ലഖ്‌നൗ ഏറ്റുവാങ്ങിയിരുന്നെങ്കിലും ആരാധകര്‍ ആഗ്രഹിച്ച റിഷഭ് പന്തിനെയാണ് മത്സരത്തില്‍ കാണാനായത്. ടൂര്‍ണമെന്റിലുടനീളം മോശം ഫോമിന്റെ പേരില്‍ പഴികേട്ട പന്ത് ലഖ്‌നൗവിന്റെ അവസാനമത്സരത്തില്‍ കരുത്തോടെ ബാറ്റുവീശിയിരിക്കുകയാണ്.

ആര്‍സിബിക്കെതിരെ വണ്‍ഡൗണായി ക്രീസിലെത്തിയ പന്ത് 61 പന്തില്‍ നിന്ന് 118 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു. സീസണിലെ തന്റെ ആദ്യ സെഞ്ച്വറിയും ഐപിഎല്ലിലെ രണ്ടാം സെഞ്ച്വറിയുമാണ് പന്ത് ഏകാനയില്‍ കുറിച്ചത്. സെഞ്ച്വറിക്ക് പിന്നാലെ ബാക്ക്ഫ്‌ളിപ്പ് ചെയ്ത് ആഘോഷിച്ച പന്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പന്തിന്റെ സെഞ്ച്വറി സെലിബ്രേഷന്റെ സമയത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ പങ്കാളിയായ അനുഷ്‌ക ശര്‍മയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്. പന്ത് സെഞ്ച്വറി തികച്ച് ചാടിമറിയുന്ന സമയത്ത് ഗ്യാലറിയിലിരിക്കുകയായിരുന്ന അനുഷ്‌കയും കൂടെയുള്ള സുഹൃത്തായ സ്ത്രീയും താരത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നാണ് ചിലര്‍ പറയുന്നത്.

അനുഷ്കയോടൊപ്പമുള്ള സ്ത്രീ 'സ്റ്റുപിഡ്' എന്നാണ് പറയുന്നത് എന്നും ഇത് പന്തിനെ ഉദ്ദേശിച്ചാണ് എന്നുമാണ് പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ അനുഷ്‌ക ശര്‍മയ്ക്കും സുഹൃത്തിനുമെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. പന്തിനെ 'സ്റ്റുപിഡ്' എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന സ്ത്രീ ആരാണെന്നും ആരാധകർ അന്വേഷിക്കുന്നുണ്ട്.

Content Highlights: Rishabh Pant labelled 'Stupid' as Anushka Sharma unimpressed by LSG skipper's century celebration

dot image
To advertise here,contact us
dot image