KCA NSK ട്വൻ്റി 20: സൂപ്പർ ഓവറിൽ കൊല്ലത്തെ മറികടന്ന് കംബൈൻഡ് ഡിസ്ട്രിക്ട്സ്

മറ്റൊരു മത്സരത്തിൽ എറണാകുളം കോട്ടയത്തെ പരാജയപ്പെടുത്തി

dot image

കേരള ക്രിക്കറ്റ് അസോസിയേഷന്റെ എൻ എസ് കെ ട്വൻ്റി 20 ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ എറണാകുളത്തിനും കംബൈൻഡ് ഡിസ്ട്രിക്ട്സിനും വിജയം. എറണാകുളം 69 റൺസിന് കോട്ടയത്തെ തോൽപ്പിച്ചപ്പോൾ, സൂപ്പർ ഓവർ പോരാട്ടത്തിലായിരുന്നു കംബൈൻഡ് ഡിസ്ട്രിക്ടിൻ്റെ വിജയം. ഇരുടീമുകളും 164 റൺസ് വീതം നേടിയതിനെ തുടർന്നാണ് മൽസരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പർ ഓവറിൽ കംബൈൻഡ് ഡിസ്ട്രിക്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 11 റൺസെടുത്തപ്പോൾ, കൊല്ലത്തിന് ഒരു വിക്കറ്റിന് നാല് റൺസ് മാത്രമാണ് നേടാനായത്.

കംബൈൻഡ് ഡിസ്ട്രിക്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തു. 47 പന്തുകളിൽ 67 റൺസെടുത്ത പി എസ് സച്ചിനും 11 പന്തുകളിൽ 30 റൺസെടുത്ത എസ് എസ് ഷാരോണുമാണ് കൊല്ലത്തിന് വേണ്ടി തിളങ്ങിയത്. കംബൈൻഡ് ഡിസ്ട്രിക്ടിന് വേണ്ടി ക്യാപ്റ്റൻ അഹ്മദ് ഇമ്രാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കംബൈൻഡ് ഡിസ്ട്രിക്ടിന് വേണ്ടി മാനവ് കൃഷ്ണയും അഹ്മദ് ഇമ്രാനും വിനൂപ് മനോഹരനുമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. മാനവ് 41 പന്തുകളിൽ 58 റൺസും അഹ്മദ് ഇമ്രാൻ 32 റൺസും വിനൂപ് മനോഹരൻ 26 റൺസുമെടുത്തു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് മാത്രമാണ് കംബൈൻഡ് ഡിസ്ട്രിക്ടിന് നേടാനായത്. അർദ്ധ സെഞ്ച്വറി നേടിയ മാനവ് കൃഷ്ണയാണ് കളിയിലെ താരം.

രണ്ടാം മത്സരത്തിൽ കോട്ടയത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത എറണാകുളം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. 28 പന്തുകളിൽ 46 റൺസെടുത്ത വിപുൽ ശക്തിയാണ് എറണാകുളത്തിൻ്റെ ടോപ് സ്കോറർ. പ്രീതിഷ് പവൻ 22 റൺസും നേടി. കോട്ടയത്തിന് വേണ്ടി കെ എൻ ഹരികൃഷ്ണൻ നാല് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോട്ടയത്തിന് വേണ്ടി ആർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. 23 റൺസെടുത്ത അഖിൽ സജീവാണ് ടോപ് സ്കോറർ. എറണാകുളത്തിന് വേണ്ടി പ്രീതിഷ് പവൻ രണ്ട് ഓവറിൽ ഏഴ് വിക്കറ്റ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. പ്രീതിഷ് തന്നൊണ് പ്ലെയർ ഓഫ് ദി മാച്ച്.

Content Highlights: Combined Districts and Eranakulam won in KCA NSK trophy

dot image
To advertise here,contact us
dot image