
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്ത സ്പെൽ എറിഞ്ഞ നാണക്കേടിന്റെ പട്ടികയിൽ ഇടം പിടിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ് പേസർ വിൽ ഒ റൂക്ക്. റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം നാല് ഓവറിൽ 74 റൺസാണ് വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റ് നേടാനായത് മാത്രമാണ് താരത്തിന്റെ പ്രകടനത്തിൽ എടുത്ത് പറയാനുള്ളത്.
ഐപിഎൽ ചരിത്രത്തിൽ നാല് ഓവർ എറിഞ്ഞതിൽ ഏറ്റവും കൂടുതൽ റണ്‍സ് വിട്ടുകൊടുത്തത് രാജസ്ഥാൻ റോയൽസ് പേസർ ജൊഫ്ര ആർച്ചറാണ്. ഈ സീസണിലാദ്യം സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നാല് ഓവർ എറിഞ്ഞ ആർച്ചർ 76 റൺസ് വിട്ടുകൊടുത്തിരുന്നു. വിക്കറ്റൊന്നും ലഭിച്ചതുമില്ല. സീസണിൽ മറ്റൊരു മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് താരം മുഹമ്മദ് ഷമി നാലോവറിൽ 75 റൺസും വിട്ടുകൊടുത്തിരുന്നു. ഇതാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺസ് വിട്ടുകൊടുത്ത രണ്ടാമത്തെ സ്പെൽ.
മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് പരാജയപ്പെടുകയും ചെയ്തു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ആറ് വിക്കറ്റിനാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പരാജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെന്ന മികച്ച സ്കോർ നേടിയിരുന്നു. ക്യാപ്റ്റൻ റിഷഭ് പന്തിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. 61 പന്തിൽ 11 ഫോറും എട്ട് സിക്സറും സഹിതം റിഷഭ് 118 റൺസെടുത്ത് പുറത്താകാതെ നിന്നു. 37 പന്തിൽ നാല് ഫോറും അഞ്ച് സിക്സറും സഹിതം 67 റൺസെടുത്ത് മിച്ചൽ മാർഷ് പന്തിന് മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിങ്ങിൽ 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ലക്ഷ്യത്തിലെത്തി. 33 പന്തിൽ എട്ട് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 85 റൺസെടുത്ത ക്യാപ്റ്റൻ ജിതേഷ് ശർമയാണ് റോയൽ ചലഞ്ചേഴ്സിന്റെ വിജയശിൽപ്പി. 30 പന്തിൽ 10 ഫോറുകൾ സഹിതം വിരാട് കോഹ്‍ലി 54 റൺസെടുത്തു. പുറത്താകാതെ 41 റൺസെടുത്ത മായങ്ക് അഗർവാൾ, ഓപണിങ്ങിൽ 30 റൺസ് സംഭാവന ചെയ്ത ഫിൽ സോൾട്ട് എന്നിവരും റോയൽ ചലഞ്ചേഴ്സ് വിജയത്തിൽ നിർണായകമായി.
Content Highlights: Will O'Rourke conceded 74 Runs in his quota of four overs against RCB