
മഴക്കാലമായിക്കഴിഞ്ഞാല്‍ കൊതുക്, അട്ട, ചിതല്‍ അങ്ങനെ പല ജീവികളുടെയും ശല്യം ഉണ്ടാകും. അക്കൂട്ടത്തിലൊന്നാണ് ഒച്ച്. വീടുകളിലെ നനവുളളയിടങ്ങളിലും ചെടികളിലുമെല്ലാം ഒച്ചുകള്‍ പറ്റിപ്പിടിച്ചിരിക്കും. ഇവയെ എടുത്തു കളയാനായി തൊടാന്‍ പോലും പലര്‍ക്കും മടിയായിരിക്കും. ഒച്ചുകളെ പറമ്പില്‍നിന്നും വീടുകളില്‍നിന്നും തുരത്താന്‍ സഹായിക്കുന്ന ചില പൊടിക്കെെകള്‍ ഇതാ…
മുട്ടത്തോട് പൊടിച്ചത്
ഒച്ചിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മുട്ടത്തോട്. ഒച്ചിന്റെ ശല്യം ധരാളമുള്ളയിടങ്ങളിലും ചെടികള്‍ക്ക് ചുറ്റും ഒക്കെ മുട്ടത്തോട് പൊടിച്ച് ഇട്ടാല്‍ ഒച്ചിന്റെ ശല്യം പൂര്‍ണ്ണമായി ഇല്ലാതെയാകും. ഒച്ചുകള്‍ക്ക് വളരെ സാവധാനത്തില്‍ നേരായ പ്രതലത്തില്‍ക്കൂടി മാത്രമെ നന്നായി സഞ്ചരിക്കുവാന്‍ സാധിക്കുകയുള്ളു. മുട്ടത്തോട് പൊട്ടിച്ചിട്ടാല്‍ ഈ നേര്‍പാത ഇല്ലാതാകുമല്ലോ. അതുകൊണ്ട് തന്നെ ഒച്ചിന് വീട്ടിലേക്ക് ഇഴഞ്ഞെത്താന്‍ കഴിയില്ല.
പുതിനയില വിതറുക
ഔഷധ ഗുണങ്ങള്‍ക്കൊപ്പം പുതിന ഇല കൊണ്ട് ഇങ്ങനെ ചില ഉപയോഗങ്ങള്‍ കൂടിയുണ്ട്. രൂക്ഷമായ ഒച്ചിന്റെ ശല്യമുള്ള പറമ്പുകളിലോ വീട്ടിലെ നനവുള്ള പ്രദേശങ്ങളിലോ പുതിന ഇല വിതറിയാല്‍ ഒച്ചുകള്‍ പെട്ടന്നു തന്നെ അപ്രത്യക്ഷമാകുന്നത് കാണാം. പുതിന ഇലയുടെ രൂക്ഷഗന്ധമാണ് ഒച്ചുകളെ തുരത്താന്‍ സഹായിക്കുന്നത്.
ഉപ്പ് വിതറുക
ഒച്ചിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഉപ്പ്. ഒച്ചിനെ ഉടനടി നശിപ്പിക്കാന്‍ അതിനെ കാണുമ്പോള്‍ തന്നെ അതിന്റെ മുകളിലേക്ക് അല്‍പ്പം ഉപ്പ് വിതറിയാല്‍ മതി. അതുപോലെ തന്നെ നമ്മുടെ തോട്ടങ്ങളില്‍ നിന്നും പറമ്പില്‍ നിന്നും ഒച്ചിനെ തുരത്താന്‍ മണ്ണില്‍ അല്‍പം ഉപ്പ് വിതറിയാല്‍ മതിയാകും.
കോള നല്ല പ്രതിവിധി
ഒരു ശീതളപാനീയം എന്നതിനപ്പുറം ഒച്ചിനെ തുരത്താനും കോളയടക്കമുള്ള ശീതളപാനീയങ്ങള്‍ നമുക്ക് പ്രയോജനപ്പെടുത്താം. ചില കര്‍ഷകര്‍ കീടങ്ങളെ അകറ്റി നിര്‍ത്താനും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. കാര്‍ഷിക വിളകളെയും അലങ്കാരച്ചെടികളെയും ആക്രമിക്കുന്ന ജീവികളെയും ഇതുവഴി നിയന്ത്രിക്കാം. കോള ഒരു വായ് വട്ടമുള്ള പ്ലാസ്റ്റിക്ക് ബോട്ടിലിലോ മറ്റോ ഒഴിച്ച് തോട്ടത്തില്‍ അല്‍പ്പം ആഴത്തില്‍ വയ്ക്കുകയാണെങ്കില്‍ ഒച്ചുകള്‍ കൂട്ടമായി വന്ന് അതില്‍വീഴും. കോളകള്‍ ഒരു സ്‌പ്രേ കുപ്പിയില്‍ ഒഴിച്ച് ഉറുമ്പിന്റെയും പാറ്റയുടെയും പുറത്ത് സ്‌പ്രേ ചെയ്താല്‍ അവ നശിക്കും. അതിലടങ്ങിയിരിക്കുന്ന ഫോസ്‌ഫോറിക് ആസിഡാണ് ഇതിന് കാരണം. എല്ലാ സോഫ്റ്റ് ഡ്രിങ്കുകളിലും ഇത്തരം ആസിഡുകള്‍ അടങ്ങിയിരിക്കുന്നു.
ഒച്ചിനെ ഒഴിവാക്കാന്‍ മറ്റ് ചില മാര്‍ഗ്ഗങ്ങള്‍
ഒച്ച് മുട്ടയിട്ട് പെരുകുന്നത് മാലിന്യങ്ങളില്‍ ആയതിനാല്‍ മാലിന്യനിര്‍മ്മാര്‍ജനം അത്യാവശ്യമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇതിനായി കാടുപടലങ്ങള്‍, പുല്ലുകള്‍, ചപ്പുചവറുകള്‍, കരിയില, അടുക്കള മാലിന്യങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് കമ്പോസ്റ്റ് തയ്യാറാക്കുകയോ മറ്റോ ചെയ്ത് പരിസരം വൃത്തിയാക്കണം. ഒച്ചുകള്‍ കൂടുതലുളളയിടത്ത് ചണച്ചാക്ക് നനച്ച് വിരിക്കണം. അതിനു മുകളില്‍ പപ്പായ, വാഴ, ബന്തി, ചേമ്പ് ഇവയുടെ ഇലകളോ കാബേജിന്റെ ഇതളുകളോ മുറിച്ചിടുക. ഒച്ചുകള്‍ ഇതിലേക്ക് ആകൃഷ്ടരായി എത്തും. അപ്പോള്‍ അവയെ ശേഖരിച്ച് ഉപ്പ് വിതറുകയോ പുകയില തുരിശു ലായനി തളിക്കുകയോ ചെയ്യാം. ഒച്ചുകള്‍ ചത്തുപോകും. കൃഷിയിടങ്ങളില്‍ മണ്ണ് കിളച്ച് ഇടുന്നതും ഒച്ചുകളെ ഒഴിവാക്കാന്‍ സഹായിക്കും. കിളച്ചിട്ട മണ്ണില്‍ ഒച്ചുകള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സാധിക്കില്ല.
Content Highlights :Here are some tips to help keep snails away from fields and homes