
Jun 19, 2025
05:19 AM
വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിജു അശോകൻ സംവിധാനം ചെയ്ത സിനിമയാണ് ഉറുമ്പുകൾ ഉറങ്ങാറില്ല. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ ഒരു സർപ്രൈസ് ഹിറ്റായിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് വിനയ് ഫോർട്ട്. ചിത്രത്തിന്റെ കാര്യത്തിൽ തനിക്ക് ആദ്യം സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് അത് മാറിയെന്നും വിനയ് ഫോർട്ട് ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമയുടെ കാര്യത്തിൽ ആദ്യം എനിക്ക് ഒരുപാട് സംശയമുണ്ടായിരുന്നു. ഞാൻ ചെന്ന ദിവസം ആദ്യം ഷൂട്ട് ചെയ്തത് ക്ലൈമാക്സ് ആണ്. ലോകത്ത് ഒരു നടനും ആ ദുർവിധി ഉണ്ടായിട്ടില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. പക്ഷെ ആ സിനിമയുടെ ഷൂട്ട് മുന്നോട്ട് പോയി ഒരു അഞ്ചാറ് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി ഇത് നല്ലൊരു സിനിമയാകാനുള്ള പോക്കാണെന്ന്', വിനയ് ഫോർട്ട് പറഞ്ഞു.
ത്രില്ലർ ഴോണറിൽ ഒരുങ്ങിയ സിനിമയിൽ കലാഭവൻ ഷാജോൺ, സുധീർ കരമന, അജു വർഗീസ്, മുസ്തഫ, ഇന്നസെൻ്റ്, അനന്യ, വനിതാ കൃഷ്ണചന്ദ്രൻ, ജാനകി കൃഷ്ണൻ, തെസ്നി ഖാൻ തുടങ്ങിയവരാണ് മറ്റു വേഷങ്ങളിൽ എത്തിയത്. ടി ബി രാഘുനാഥൻ നിർമിച്ച സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും ജിജു അശോകൻ തന്നെയായിരുന്നു. ആദ്യം പതിയെ തുടങ്ങിയ സിനിമ പിന്നീട് വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയായിരുന്നു.
Content Highlights: vinay fort talks about film Urumbukal Urangarilla