
ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ജീവിതശൈലി രോഗമാണ് ഫാറ്റി ലിവര്‍. തുടക്കത്തില്‍ പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന രോഗം ഇപ്പോള്‍ കുട്ടികള്‍ അടക്കം എല്ലാ പ്രായക്കാരിലും കണ്ടുവരുന്നു. പൊതുസമൂഹം ഫാറ്റി ലിവറിനെ കുറിച്ച് ബോധവാന്മാരാണെങ്കിലും കുട്ടികളില്‍ ഈയൊരു അവസ്ഥ പൊതുവെ ചര്‍ച്ച ചെയ്യപ്പെടാറില്ല
എന്താണ് ഫാറ്റി ലിവര്‍?
കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍. കരളിലെ കോശങ്ങളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരളില്‍ വീക്കം, ഫൈബ്രോസിസ് എന്നിവയ്ക്ക് കാരണമാകുകയും ഒടുവില്‍ ലിവര്‍ സിറോസിസ്, ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ അഥവാ കരള്‍ അര്‍ബുദം എന്നിങ്ങനെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
കുട്ടികളിലെ രോഗകാരണങ്ങള്‍ എന്തെല്ലാം?
കൂടുതലായും അഞ്ചുവയസ്സിനു മുകളിലുള്ള കുട്ടികളിലാണ് ഫാറ്റി ലിവര്‍ രോഗസാധ്യത കണ്ടുവരാറുള്ളത്.
അമിതവണ്ണം: അമിതഭാരം, പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് (വിസെറല്‍ ഒബിസിറ്റി) ഫാറ്റി ലിവര്‍ രോഗസാധ്യത കൂട്ടുന്നു.
മോശം ഭക്ഷണക്രമം: ഉയര്‍ന്ന അളവില്‍ പഞ്ചസാര, സാച്ചുറേറ്റഡ് ഫാറ്റ്, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഉപയോഗിക്കുന്നത് ഫാറ്റിലിവറിന് കാരണമായേക്കാം.
മാനസിക സമ്മര്‍ദ്ദം: വിട്ടുമാറാത്ത സ്ട്രെസ്സ് ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഇതുമൂലം ഫാറ്റി ലിവര്‍ രോഗസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ജനിതക ഘടനയിലെ മാറ്റം: ചില കുട്ടികള്‍ക്ക് ജനിതകഘടനയിലെ മാറ്റങ്ങള്‍ കൊണ്ട് ഫാറ്റി ലിവര്‍ രോഗ സാധ്യത ഉണ്ടായേക്കാം.
ലക്ഷണങ്ങള്‍ എന്തെല്ലാം?
കരളിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയാനായി വയറിന്റെ അള്‍ട്രാ സൗണ്ട് സ്കാന്‍ എടുക്കുമ്പോഴോ അല്ലെങ്കില്‍ ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് വേണ്ടി പരിശോധിക്കുമ്പോഴോ ആണ് കൂടുതലായും കുട്ടികളില്‍ ഫാറ്റി ലിവര്‍ കണ്ടെത്തുന്നത്.
വയറുവേദന: അടിവയറിനു മുകളില്‍ വലതുവശത്തായി അസ്വസ്ഥതയോ അകാരണമായി വേദനയോ അനുഭവപ്പെടാം.
ക്ഷീണം: ക്ഷീണമോ തളര്‍ച്ചയോ ഫാറ്റി ലിവര്‍ രോഗത്തിന്റെ ലക്ഷണങ്ങളായേക്കാം.
ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം: ചര്‍മ്മത്തിനും കണ്ണുകള്‍ക്ക് മഞ്ഞനിറം ഉണ്ടാക്കുന്ന മഞ്ഞപ്പിത്തവും ഫാറ്റി ലിവര്‍ രോഗത്തിന്റെയും ലക്ഷണമാണ്.
പരിശോധന
ശാരീരിക പരിശോധന: ഹെപ്പറ്റോമെഗലി പോലുള്ള ഫാറ്റി ലിവര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വിലയിരുത്താനായി ശാരീരിക പരിശോധനകള്‍ ഒരു ആരോഗ്യ വിദഗ്ധന്റെ സഹായത്തോടെ നടത്താം.
ഇമേജിങ് പരിശോധനകള്‍: കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കണ്ടെത്തുന്നതിന് അള്‍ട്രാസൗണ്ട്, സി.ടി, എം.ആര്.ഐ പോലെയുള്ള സ്കാനുകള്‍ നടത്താം.
രക്ത പരിശോധനകള്‍: കരളിന്റെ പ്രവര്‍ത്തനത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്ന ടെസ്റ്റുകളായ എ.എല്‍.ടി, എ.എസ്.ടി പോലുള്ളവ ഈ രോഗാവസ്ഥയെ എളുപ്പം മനസ്സിലാക്കാന്‍ സഹായിക്കും.
ലിവര്‍ ബയോപ്സി: രോഗനിര്ണയത്തിനായും മറ്റ് കരള്‍ രോഗങ്ങള്‍ ഇല്ലായെന്ന് ഉറപ്പ് വരുതുന്നതിനായും ലിവര്‍ ബയോപ്സി ചെയ്യാറുണ്ട്.
ചികിത്സാരീതികള്‍ എന്തെല്ലാം?
ജീവിതശൈലി മാറ്റങ്ങള്‍: ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായുള്ള വ്യായാമം, ഒപ്പം മാനസിക പിരിമുറുക്കം നിയന്ത്രിക്കുക, ടിവി, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ മിതമായ ഉപയോഗം എന്നിവയിലൂടെ കരള്‍ രോഗത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സഹായിക്കും.
ശരീരഭാരം കുറയ്ക്കുക: ആരോഗ്യകരമായ രീതിയില്‍ ശരീരഭാരത്തെ നിയന്ത്രിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയും.
മരുന്നുകള്‍: ചില അവസരങ്ങളില്‍ രോഗലക്ഷണങ്ങളെ ചെറുക്കാനും രോഗത്തിന്റെ വ്യാപന ശേഷി കുറയ്ക്കാനും മരുന്നുകള്‍ സഹായകമാകും.
എങ്ങനെ പ്രതിരോധിക്കാം?
ആരോഗ്യകരമായ ഭക്ഷണക്രമം: പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീന്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ സമീകൃത ആഹാരം കഴിക്കുക.
പതിവായി വ്യായാമം ചെയ്യുക: ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പതിവായുള്ള വ്യായാമം ശീലമാക്കുക.
മാനസിക പിരിമുറുക്കം നിയന്ത്രിക്കുക: ഡീപ്പ് ബ്രീത്തിങ്, യോഗ, അല്ലെങ്കില്‍ ധ്യാനം പോലെയുള്ള മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ജീവിതരീതികള്‍ കുട്ടികളെ പഠിപ്പിക്കുക.
മോണിറ്ററിങ്: കരളിന്റെ ആരോഗ്യം പതിവായി മോണിറ്റര്‍ ചെയ്യുകയും എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ അത് പരിഹരിക്കുകയും വേണം.
എന്തായാലും കുട്ടികളിലെ ഫാറ്റി ലിവര്‍ രോഗത്തിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സാമാര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം മനസ്സിലാക്കുന്നതിലൂടെ മാതാപിതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒറ്റക്കെട്ടായി ഈ രോഗാവസ്ഥയെ ചെറുക്കാനും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും സാധിക്കും.
Content Highlights: Fatty Liver in Children: Causes, Risks, and Prevention