
ജൂൺ 3 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിന് മുന്നോടിയായി നടക്കുന്ന സമാപന ചടങ്ങിൽ സായുധ സേനയ്ക്ക് ആദരം സമർപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചു. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയകരമായ നടത്തിപ്പിലെ സായുധ സേനയുടെ വീര്യത്തെ ആദരിക്കുന്നതിനായാണ് 45 മിനിറ്റ് ദൈർഘ്യമുള്ള ചടങ്ങ് സംഘടിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചത്. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സമാപന ചടങ്ങിൽ കര സേന, നാവിക സേന, വ്യോമ സേന തുടങ്ങി മൂന്ന് വിഭാഗങ്ങളുടെയും പ്രതിനിധികൾ ഉണ്ടാകും. സൈനിക ബാൻഡുകളുടെ പ്രകടനവും ഇതോടൊപ്പം ഉണ്ടായിരിക്കും. ഗ്രാൻഡ് ഫിനാലെയ്ക്ക് മുന്നോടിയായി സംഗീത നിശയും ബിസിസിഐ ഒരുക്കുന്നുണ്ട്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായി മെയ് 7 ന് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിക്കുകയും ചില ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഐപിഎൽ പത്ത് ദിവസത്തേക്ക് നിർത്തിവെക്കുകയും ചെയ്തിരുന്നു. ശേഷം പാകിസ്താനുമായുള്ള സംഘർഷം അവസാനിച്ചതിന് പിന്നാലെയായിരുന്നു ഐപിഎൽ പുനഃരാരംഭിച്ചത്.
Content Highlights: BCCI to honour Indian Armed Forces during final match of IPL 2025