
ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്. പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് പ്ലേ ഓഫ് കടന്നത്. ഇതിൽ പഞ്ചാബ് ആദ്യ രണ്ടിലൊരു സ്ഥാനം ഉറപ്പിച്ച് ക്വാളിഫയർ ഒന്നിന് യോഗ്യത നേടിയിട്ടുണ്ട്. ഇന്ന് നടക്കുന്ന ആർസിബി ലഖ്‌നൗ പോരാട്ടമാകും ബാക്കി പ്ലേ ഓഫ് ലൈനപ്പ് തീരുമാനിക്കുക.
അതേ സമയം ഐപിഎല്‍ പതിനെട്ടാം പതിപ്പിന്‍റെ ലീഗ് ഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ അടുത്ത ഐപിഎല്‍ താരലേലത്തിന് മുമ്പ് ടീമുകള്‍ ഒഴിവാക്കിയേക്കാവുന്ന താരങ്ങളുടെ പട്ടികയുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം വരുണ്‍ ആരോണ്‍.
ഐപിഎല്ലിലെ വില കൂടിയ താരമായ ലഖ്‌നൗ നായകന്‍ റിഷഭ് പന്തിനെ അടക്കം ടീമുകള്‍ അടുത്ത ലേലത്തിന് മുമ്പ് കൈയൊഴിയുമെന്ന് ആരോണ്‍ പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിംഗ്സ് 9.75 കോടിക്ക് സ്വന്തമാക്കിയ ആര്‍ അശ്വിനെയും നാല് കോടിക്ക് വാങ്ങിയ രചിന്‍ രവീന്ദ്രയെയും 6.25 കോടിക്ക് വാങ്ങിയ ഡെവോണ്‍ കോണ്‍വെയെയും ഒഴിവാക്കുമെന്ന് ഉറപ്പാണെന്നും ആരോണ്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.
സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും 11.25 കോടിക്ക് സ്വന്തമാക്കിയ ഇഷാന്‍ കിഷനെ അടുത്ത സീസണില്‍ നിലനിര്‍ത്താനുള്ള സാധ്യത കുറവാണെന്നും ആരോണ്‍ പറഞ്ഞു. 10 കോടി രൂപക്ക് ലേലത്തില്‍ സ്വന്തമാക്കിയ മുഹമ്മദ് ഷമിയാകും ഹൈദരാബാദ് ഒഴിവാക്കുന്ന മറ്റൊരു താരമെന്നും ആരോൺ പറഞ്ഞു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നര കോടിക്ക് വാങ്ങിയ ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയെ നിലനിര്‍ത്തുമെന്നും എന്നാല്‍ 23.75 കോടിക്ക് നിലനിര്‍ത്തിയ വെങ്കടേഷ് അയ്യരെ കൈയൊഴിയുമെന്നും ആരോണ്‍ പറഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് 27 കോടിക്ക് ടീമിലെത്തിച്ച ക്യാപ്റ്റന്‍ റിഷഭ് പന്തിനെയും 11 കോടിക്ക് നിലനിര്‍ത്തിയ പേസര്‍ മായങ്ക് യാദവിനെയും കൈയൊഴിയാനാണ് സാധ്യതതയെന്നും ആരോണ്‍ പറഞ്ഞു.
Content Highlights: 'Teams will abandon these crorepatis in the next IPL'; Varun Aaron predicts