ലേലത്തില്‍ അന്ന് പന്തിന് കിട്ടിയത് 27 കോടി; ഇന്ന് റെക്കോര്‍ഡ് തകര്‍ക്കാന്‍ ഗ്രീനിന് കഴിയുമോ?

സ്റ്റാർ ഓൾറൗണ്ടർക്ക് വേണ്ടി ഓരോ ഫ്രാഞ്ചൈസികളും കച്ചമുറുക്കി രംഗത്തുണ്ടാവുമെന്ന് ഉറപ്പാണ്

ലേലത്തില്‍ അന്ന് പന്തിന് കിട്ടിയത് 27 കോടി; ഇന്ന് റെക്കോര്‍ഡ് തകര്‍ക്കാന്‍ ഗ്രീനിന് കഴിയുമോ?
dot image

ഐപിഎൽ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലം ആരംഭിക്കാനിരിക്കെ എല്ലാ ക്രിക്കറ്റ് ആരാധകരുടെ കണ്ണുകളും ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിലേക്കാണ്. ​ഗ്രീനായിരിക്കും ഇത്തവണത്തെ ലേലത്തിലെ ഏറ്റവും വിലയേറിയ താരമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. സ്റ്റാർ ഓൾറൗണ്ടർക്ക് വേണ്ടി ഓരോ ഫ്രാഞ്ചൈസികളും കച്ചമുറുക്കി രംഗത്തുണ്ടാവുമെന്ന് ഉറപ്പാണ്.

ലേലത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച മോക്ക് ലേലത്തിലും ഏറ്റവുമധികം ഡിമാന്റുണ്ടായത് കാമറൂൺ ​ഗ്രീനിനാണ്. ലേലത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 30.50 കോടി രൂപ വീശി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഓസീസ് യുവതാരത്തെ മോക്ക് ലേലത്തിൽ‌ 'സ്വന്തമാക്കിയത്'.

ഇതോടെ ലേലത്തിലെ ഏറ്റവും ഉയർന്ന തുകയെന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ റെക്കോർഡ് തകർക്കാൻ ​ഗ്രീനിന് കഴിയുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തില്‍ റിഷഭ് പന്തിന് വേണ്ടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുടക്കിയ 27 കോടി രൂപയാണ് നിലവിലെ ഓള്‍ടൈം റെക്കോര്‍ഡ്. അബുദാബിയില്‍ ​ഗ്രീനിന് വേണ്ടി ഈ റെക്കോർഡ് തുക തകര്‍ക്കപ്പെടുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

അബുദാബിയിൽ നടക്കുന്ന താരലേലത്തിൽ 350 താരങ്ങളാണ് പങ്കെടുക്കുക. 1,390 താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ നിന്നാണ് 350 പേരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തത്. അന്തിമ പട്ടികയിൽ‌ 240 ഇന്ത്യന്‍ താരങ്ങളും 110 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ താരങ്ങളില്‍ 224 പേരാണ് ‘അണ്‍ക്യാപ്ഡ്’ വിഭാഗത്തിലുള്ളത്. 14 വിദേശ താരങ്ങൾ അണ്‍ക്യാപ്ഡ് വിഭാഗത്തിലാണ്. ആകെ 77 സ്ലോട്ടുകളാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 31 എണ്ണം വിദേശ താരങ്ങള്‍ക്കായുള്ളതാണ്.

രണ്ട് കോടി രൂപയാണ് താരങ്ങളുടെ ഉയര്‍ന്ന അടിസ്ഥാനത്തുക. രണ്ട് കോടി രൂപയില്‍ 40 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്തിമപട്ടികയിൽ‌ നേരത്തെ രജിസ്റ്റര്‍ ചെയ്യാത്ത 35 താരങ്ങളെ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ മലയാളികളാണ്. ശ്രീഹരി നായര്‍, ജിക്കു ബ്രൈറ്റ് എന്നിവരാണ് ആ താരങ്ങള്‍. കേരളത്തിന്റെ സൂപ്പർ താരങ്ങളായ സച്ചിൻ‌ ബേബിയും എം ഡി നിധീഷും ലേലത്തിനില്ല.

പുതിയതായി ഉള്‍പ്പെടുത്തിയവരില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റോണ്‍ ഡി കോക്കും ഉള്‍പ്പെടുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച ഡി കോക്ക് അടുത്തിടെയാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഒരു ഫ്രാഞ്ചെസിയുടെ ആവശ്യപ്രകാരമാണ് ഡി കോക്കിനെ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന. ഒരു കോടി രൂപയാണ് ഡി കോക്കിന്റെ അടിസ്ഥാനത്തുക.

കാമറൂണ്‍ ഗ്രീനിന് പുറമെ മാത്യു ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ ലേല പട്ടികയിലുണ്ട്. ഇംഗ്ലണ്ടിന്റെ ജാമി സ്മിത്ത്, ജോണി ബെയര്‍‌സ്റ്റോ, ന്യൂസിലാന്‍ഡ് താരങ്ങളായ രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ഡെവോണ്‍ കോണ്‍വേ, ശ്രീലങ്കന്‍ താരങ്ങളായി വനിന്ദു ഹസരംഗ, മതീഷ പതിരാന എന്നിവരും ലേലത്തിലുണ്ടാവും.

Content Highlights: Will Cameron Green could break Rishabh Pant’s record auction bid of INR 27 Cr

dot image
To advertise here,contact us
dot image