
അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയിലെ ബാറ്റിങ് ലൈനപ്പിനെ നിർദ്ദേശിച്ച് മുൻ താരം ചേതേശ്വർ പുജാര. 'ഓസ്ട്രേലിയയിൽ ബോർഡർ-ഗവാസ്കർ പരമ്പരയ്ക്ക് സമാനമായി ഇന്ത്യൻ നിരയിൽ യശസ്വി ജയ്സ്വാളും കെ എൽ രാഹുലും ഓപണർമാരായി തുടരണം. മൂന്നാം നമ്പറിനെക്കുറിച്ച് പറയുമ്പോൾ, ശുഭ്മൻ ഗിൽ അവിടെ കളിക്കുമോ അതോ നാലാം നമ്പറിലേക്ക് ഇറങ്ങുമോ എന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ല. എങ്കിലും ഗിൽ മൂന്നാം നമ്പറിൽ കളിക്കുകയാണെങ്കിൽ അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, സായി സുദർശൻ എന്നിവരിൽ ഒരാൾക്ക് നാലാം നമ്പറിൽ കളിക്കാൻ കഴിയും. ഗിൽ മൂന്നാം നമ്പറിൽ കളിക്കുന്നത് കാണാനാണ് എനിക്കിഷ്ടം,' പുജാര സോണി സ്പോർട്സ് നെറ്റ്‍വർക്കിൽ പ്രതികരിച്ചു.
ഇംഗ്ലണ്ടിൽ ആദ്യ പരമ്പരയിൽ നായകനാകുമ്പോൾ ശുഭ്മൻ ഗിൽ നേരിടാൻ പോകുന്നത് വലിയ വെല്ലുവിളിയാണെന്ന് പുജാര പ്രതികരിച്ചു. 'ഇംഗ്ലണ്ടിൽ പരിശീലനം ആരംഭിക്കുമ്പോൾ ന്യൂബോൾ നേരിടാൻ ഗിൽ പഠിക്കേണ്ടതുണ്ട്. കളിക്കാൻ കഴിയുന്ന ഷോട്ടുകൾ ഏതൊക്കെയാണെന്ന് ഗില്ലിന് മനസിലാകാൻ പരിശീലനം സഹായിക്കും. അതുപോലെ ഇംഗ്ലണ്ടിൽ ഒഴിവാക്കേണ്ട ചില ഷോട്ടുകളുണ്ട്. ഓസ്ട്രേലിയയ്ക്ക് സമാനമായ പിച്ചാണ് ഇംഗ്ലണ്ടിലുമുള്ളത്,' പുജാര ഓർമിപ്പിച്ചു.
ജൂൺ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
Content Highlights: Rahul, Jaiswal To Open: Cheteshwar Pujara Makes Bold No. 3 Call For India's Test XI