'ഓപണർമാരോട് കൂടുതല്‍ ആവശ്യപ്പെടാന്‍ കഴിയില്ലല്ലോ!'; പഞ്ചാബിനെതിരായ പരാജയത്തില്‍ സഞ്ജു സാംസണ്‍

'പരിചയസമ്പന്നരായ രണ്ട് പേര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് അവരുടെ ജോലി ചെയ്യണം'

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരായ പരാജയത്തില്‍ പ്രതികരിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണ്‍. പഞ്ചാബ് കിങ്‌സിനെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 10 റണ്‍സിന്റെ പരാജയമാണ് രാജസ്ഥാന് വഴങ്ങേണ്ടിവന്നത്. പഞ്ചാബ് ഉയര്‍ത്തിയ 220 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

രാജസ്ഥാന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ സാധിച്ചില്ലെന്നാണ് ക്യാപ്റ്റന്‍ സഞ്ജു പറയുന്നത്. പവര്‍പ്ലേയില്‍ 90 റണ്‍സ് നേടിയിട്ടും ആ സ്‌കോറിങ് വേഗത തുടരാനായില്ലെന്നും സഞ്ജു പറഞ്ഞു. പവര്‍ ഹിറ്റര്‍മാരെക്കൊണ്ട് മറികടക്കാന്‍ സാധിക്കുന്ന വിജയലക്ഷ്യമായിരുന്നു മത്സരത്തിലെന്നും സഞ്ജു പറഞ്ഞു. പരിചയ സമ്പന്നരായ രണ്ട് താരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ നന്നായി തുടങ്ങിയിരുന്നു. പവര്‍പ്ലേയില്‍ തന്നെ 90 റണ്‍സ് നേടാന്‍ കഴിഞ്ഞു. ഓപണര്‍മാരില്‍ നിന്ന് കൂടുതലൊന്നും ആവശ്യപ്പെടാന്‍ കഴിയില്ലല്ലോ. പവര്‍പ്ലേയില്‍ ലഭിച്ച വേഗത ഞങ്ങള്‍ക്ക് തുടരാനായില്ല. ഇന്ന് മറികടക്കാന്‍ സാധിക്കുന്ന ലക്ഷ്യമായിരുന്നു. ഇന്നത്തെ വിക്കറ്റ് തികച്ചും വ്യത്യസ്തമായി കളിച്ചു', സഞ്ജു പറഞ്ഞു.

'ഞങ്ങളുടെ പവര്‍ ഹിറ്റര്‍മാരെ ഉപയോഗിച്ച് പിന്തുടരാവുന്ന ഒരു സ്‌കോറായിരുന്നു. നമ്മള്‍ ജോലി കൃത്യമായി പൂര്‍ത്തിയാക്കണമായിരുന്നു. പരിചയസമ്പന്നരായ രണ്ട് പേര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് അവരുടെ ജോലി ചെയ്യണം. വരാനിരിക്കുന്ന സീസണില്‍ തീര്‍ച്ചയായും ധാരാളം മെച്ചപ്പെടുത്തലുകള്‍ വരുത്തേണ്ടതുണ്ട്. കൂടുതല്‍ ശ്രമിക്കാന്‍ കഴിയില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അടുത്ത മത്സരം വിജയിക്കുന്നതിനാണ് പ്രഥമ പരിഗണന', സഞ്ജു കൂട്ടിച്ചേര്‍ത്തു.

Content Highlights:"Couldn't carry on momentum we got in powerplay": Sanju Samson on his team's loss against PBKS

dot image
To advertise here,contact us
dot image