രഹസ്യമൊഴി നല്‍കി, പിന്നാലെ ഫോണ്‍ കോള്‍; രാഹുലിന്റെ വിളിവന്നത് മാനസിക സംഘര്‍ഷമുണ്ടാക്കിയെന്ന് അതിജീവിത

ഉപാധി ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കും

രഹസ്യമൊഴി നല്‍കി, പിന്നാലെ ഫോണ്‍ കോള്‍; രാഹുലിന്റെ വിളിവന്നത് മാനസിക സംഘര്‍ഷമുണ്ടാക്കിയെന്ന് അതിജീവിത
dot image

തിരുവനന്തപുരം: രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത് രഹസ്യമൊഴി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം. ഫെബ്രുവരി പതിനാറാം തീയതിയായിരുന്നു അതീജിവിത രഹസ്യമൊഴി നല്‍കിയത്. ഇതിന് തൊട്ടടുത്ത ദിവസമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാനായിരുന്നു ശ്രമം. എന്നാല്‍ അതിജീവിത കോള്‍ എടുത്തിരുന്നില്ല. അതിജീവിതയുടെ പരാതിക്കൊപ്പം ഫോണ്‍ വിളിയുടെ വിവരങ്ങളും കോടതിയില്‍ ഹാജരാക്കി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് കാണിച്ച് അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു. ഫെബ്രുവരി പതിനേഴിന് രാഹുല്‍ വാട്‌സ്ആപ്പില്‍ വിളിച്ചു എന്നാണ് അതിജീവിത പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. രാഹുലിന്റെ കോള്‍ താന്‍ എടുത്തില്ല. എന്നാല്‍ ആ കോള്‍ വന്നത് തന്നില്‍ കടുത്ത മാനസിക സംഘര്‍ഷവും ഭയവുമുണ്ടാക്കിയെന്നും അതിജീവിത പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിജീവിതയുടെ പരാതി ലഭിച്ചതിന് പിന്നാലെ രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. അതിജീവിതയെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് ജാമ്യവ്യവസ്ഥ ഉണ്ടായിരുന്നു. ഇത് ലംഘിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയത്.

പൊലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ നേരിട്ട് ഹാജരകാണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 27ന് ഹാജരാകാനായിരുന്നു കോടതി നിര്‍ദേശിച്ചത്. അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാകാതിരിക്കുന്നതിന്, കാരണമുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണമെന്ന് കോടതി പറഞ്ഞിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസായിരുന്നു കേസ് പരിഗണിച്ചത്. ഉപാധി ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കും.

രണ്ടാം ബലാത്സംഗക്കേസില്‍ ഡിസംബര്‍ പത്താം തീയതിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ബെംഗളൂരു സ്വദേശിനിയായ 23കാരിയായിരുന്നു രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അടക്കമുള്ളവര്‍ക്കായിരുന്നു യുവതി പരാതി നല്‍കിയത്. കോൺഗ്രസിന് ലഭിച്ച പരാതി പൊലീസിന് കൈമാറിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു യുവതിയുടെ പരാതിയില്‍ ഉണ്ടായിരുന്നത്. താന്‍ നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് യുവതി പറഞ്ഞിരുന്നു. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം. ശശീരമാകെ മുറിവേല്‍പ്പിച്ചുകൊണ്ടുള്ള ലൈംഗികാതിക്രമമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്നും യുവതി പറഞ്ഞിരുന്നു. തന്റെ ടെലഗ്രാം നമ്പര്‍ സംഘടിപ്പിച്ച ശേഷമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ താനുമായി അടുപ്പം സ്ഥാപിച്ചതെന്നും അതിജീവിത പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി. അവധിക്ക് നാട്ടിലെത്തിയ തന്നെ ഭാവി കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്റെ കാറില്‍ ഒരു ഹോം സ്റ്റേയിലെത്തിച്ചു. അവിടെ വെച്ച് തന്റെ എതിര്‍പ്പ് അവഗണിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനിടെ 'ഐ വാണ്ട് ടു റേപ്പ് യൂ' എന്ന് രാഹുല്‍ ആവര്‍ത്തിച്ചു. കരഞ്ഞ് കാലുപിടിച്ചിട്ടും ഉപദ്രവം തുടര്‍ന്നു. അതിനിടെ തനിക്ക് പാനിക്ക് അറ്റാക്കും ശ്വാസം മുട്ടലുമുണ്ടായി. എന്നിട്ടും രാഹുല്‍ പിന്മാറിയില്ല. അതിക്രമത്തിന് ശേഷം, തന്നെ വിവാഹം കഴിക്കാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. അതോടെ മാനസികമായും ശാരീരികമായും താന്‍ തകര്‍ന്നുവെന്നും അതിജീവിത പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights- Survivor recounted that after gave a subsequent phone call from Rahul Mamkootathil caused considerable mental conflict and distress

dot image
To advertise here,contact us
dot image