
അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്. കളിക്കാരുടെയും കാണികളുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ മത്സരം നടത്താനാകില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.
ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 'രാജ്യമാണ് ആദ്യം, മറ്റെന്തിനും കാത്തിരിക്കാം' എന്നെഴുതിയ പോസ്റ്റില്‍ അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്നുമുണ്ട്. 'ഓരോ ചുവടിലും ധീരത. ഓരോ ഹൃദയമിടിപ്പിലും അഭിമാനം. ഇന്ത്യന്‍ സൈന്യത്തെ സല്യൂട്ട് ചെയ്യുന്നു', എന്ന ക്യാപ്ഷനോടെയാണ് ചെന്നൈയുടെ പോസ്റ്റ്.
Courage in every step. Pride in every heartbeat. Saluting our armed forces! 🇮🇳🫡 pic.twitter.com/0tt91h3Aez
— Chennai Super Kings (@ChennaiIPL) May 9, 2025
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്ക് ശേഷം അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘര്‍ഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു. ഐപിഎല്ലില്‍ ഇന്നലെ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്‌സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയായിരുന്നു. ഡല്‍ഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെ മാച്ച് ഒഫീഷ്യല്‍സിന് അതിര്‍ത്തി ജില്ലകളിലെ പാക് ആക്രമണത്തിന്റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്‌ലഡ് ലൈറ്റുകള്‍ ഓഫായി. ഉടന്‍ മത്സരവും നിര്‍ത്തിവച്ചു.
ഈ സമയം മത്സരം കാണാനായി പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും അനുമതി ചോദിക്കുകയും ചെയ്തിരുന്നു. ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനിടെയാണ് നിര്‍ണായക തീരുമാനത്തിന് ബിസിസിഐ ഒരുങ്ങിയത്.
Content Highlights: Chennai Super Kings Post after IPL matches Suspended