
കല്‍പ്പറ്റ: ദുരന്തം നാശം വിതച്ചെങ്കിലും ആത്മവിശ്വാസം കൈവിടാതെ വെള്ളാര്‍മലയിലെ കുട്ടികള്‍ നേടിയത് നൂറുമേനി വിജയം. എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ വയനാടിലെ വെള്ളാര്‍മല വിഎച്ച്എസ്എസിലെ പരീക്ഷ എഴുതിയ 55 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച വെള്ളാര്‍മല സ്‌കൂളും വിദ്യാര്‍ത്ഥികളും അവിടുത്തെ ഉണ്ണി മാഷുമെല്ലാം മലയാളികള്‍ക്ക് ഏറെ പരിചിതരാണ്.
അതേസമയം വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. ഏറെ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. സംസ്ഥാനത്ത് 99.5 ആണ് എസ്എസ്എല്‍സി വിജയശതമാനം. 4,24,583 വിദ്യാര്‍ഥികള്‍ വിജയിച്ചു. 61,449 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. 2,331 സ്‌കൂളുകള്‍ 100% വിജയം നേടി. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം.
വിജയ ശതമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. എ പ്ലസ് ഏറ്റവും കൂടുതലുള്ള ജില്ല മലപ്പുറമാണ്. 4115 വിദ്യാര്‍ഥികള്‍ക്കാണ് ജില്ലയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. സെന്റ് ജോസഫ് പെരട്ട കണ്ണൂരിലും തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂളിലുമാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഓരോ വിദ്യാര്‍ഥികള്‍ വീതമാണ് ഇവിടെ പരീക്ഷ എഴുതിയത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്ന് മന്ത്രി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കവേ അറിയിച്ചു.
Content Highlights: Vellarmala school all students passed in SSLC exam