കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മേല്‍ ആഞ്ഞടിച്ച് ധോണിപ്പട; ഈഡന്‍സില്‍ ചെന്നൈയ്ക്ക് വിജയം

പരാജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈ വിജയിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ചെന്നൈ രണ്ട് പന്ത് ബാക്കിനില്‍ക്കെ എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി വിജയത്തിലേക്ക് കുതിച്ചു.

ഡെവാള്‍ഡ് ബ്രെവിസിന്റെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയും (25 പന്തില്‍ 52) ക്യാപ്റ്റന്‍ എം എസ് ധോണിയുടെ (17*) തകര്‍പ്പന്‍ ഫിനിഷിങ്ങുമാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. അവസാന ഓവറിലെ ആദ്യ പന്തില്‍ സിക്‌സര്‍ പറത്തി ധോണി ചെന്നൈയുടെ സമ്മര്‍ദ്ദം ഒഴിവാക്കുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ നൂര്‍ അഹമ്മദാണ് കൊല്‍ക്കത്തയെ എറിഞ്ഞിട്ടത്. 33 പന്തില്‍ രണ്ടു സിക്‌സും നാലു ഫോറുമടക്കം 48 റണ്‍സെടുത്ത് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ആന്ദ്രേ റസ്സലും മനീഷ് പാണ്ഡെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റസ്സല്‍ 21 പന്തില്‍ 38 റണ്‍സെടുത്തു. മനീഷ് 28 പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നു. ചെന്നൈക്കായി നൂര്‍ അഹ്‌മദ് നാലു ഓവറില്‍ 31 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയാണ് ചെന്നൈ തുടങ്ങിയത്. ഓപണര്‍മാരായ ആയുഷ് മാത്രെയും ഡെവോണ്‍ കോണ്‍വെയും പൂജ്യത്തിന് പുറത്തായി. ഉര്‍വില്‍ പട്ടേലിന്റെ (11 പന്തില്‍ 31) വെടിക്കെട്ട് ബാറ്റിംഗും ബ്രെവിസിന്റെ അര്‍ധസെഞ്ച്വറിയുമാണ് പിന്നീട് ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ശിവം ദുബെ 45 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ ധോണിയും കൂറ്റനടികളുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

പരാജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. ഐപിഎല്‍ 2025 സീസണില്‍ ചെന്നൈയുടെ മൂന്നാമത്തെ മാത്രം വിജയമാണിത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

Content Highlights: KKR vs CSK Highlights, IPL 2025: Kolkata's Playoffs bid suffers blow as Chennai Super Kings wins by two wickets

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us