

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. പരമ്പര വിജയികളെ നിശ്ചയിക്കുന്ന മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിനാണ് അഫ്ഗാൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെടുത്തു. മറുപടി പറഞ്ഞ അഫ്ഗാനിസ്ഥാൻ 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
മഹ്മദുള്ള റിയാദിന്റെ 98 റൺസിന്റെ ബലത്തിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. മെഹിദി ഹസൻ മിറാസ് 66 റൺസും നേടി. ഇരുവരും ചേർന്ന അഞ്ചാം വിക്കറ്റിൽ 145 റൺസാണ് കൂട്ടിച്ചേർത്തത്. സൗമ്യ സർക്കാർ 24 റൺസും സംഭാവന ചെയ്തു. അഫ്ഗാനിസ്ഥാനായി അസമത്തുള്ള ഒമർസായി നാല് വിക്കറ്റെടുത്തു.
അഫ്ഗാനിസ്ഥാനായി ഓപണർ റഹ്മനുള്ള ഗുർബാസ് 101 റൺസ് നേടി. മധ്യനിരയിൽ ബാറ്റിങ്ങിലും തിളങ്ങിയ അസമത്തുള്ള ഒമർസായി പുറത്താകാതെ നേടിയ 70 റൺസും അഫ്ഗാൻ വിജയത്തിന് കരുത്തേകി. ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ 100 റൺസാണ് കൂട്ടിച്ചേർത്തത്. മുഹമ്മദ് നബി പുറത്താകാതെ 34 റൺസും നേടി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-1നാണ് അഫ്ഗാന്റെ വിജയം.
Content Highlights: Gurbaz ton, Omarzai fifty and four-for wins the series for Afghanistan