പാരിസ് ഒളിംപിക്‌സ്; ഇന്ത്യന്‍ സംഘത്തിന് വമ്പന്‍ തുക സംഭാവന പ്രഖ്യാപിച്ച് ബിസിസിഐ

എക്‌സിലൂടെയാണ് ബിസിസിഐ പ്രസിഡന്റ് ജയ് ഷാ ഇക്കാര്യം അറിയിച്ചത്

dot image

മുംബൈ: പാരിസ് ഒളിംപിക്‌സിനൊരുങ്ങുന്ന ഇന്ത്യന്‍ സംഘത്തിന് ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ. 8.5 കോടി രൂപയാണ് 2024 പാരിസ് ഒളിംപിക്‌സിനായി പോകുന്ന 117 അംഗ ഇന്ത്യന്‍ സംഘത്തിന് ബിസിസിഐ നല്‍കുന്നത്. എക്‌സിലൂടെയാണ് ബിസിസിഐ പ്രസിഡന്റ് ജയ് ഷാ ഇക്കാര്യം അറിയിച്ചത്.

'2024 പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങുന്ന നമ്മുടെ അത്‌ലറ്റുകളെ പിന്തുണയ്ക്കുന്നതില്‍ ബിസിസിഐ അഭിമാനിക്കുന്നു. ടീമിനു വേണ്ടി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനു ഞങ്ങള്‍ എട്ടരക്കോടി രൂപ നല്‍കുന്നു. എല്ലാ താരങ്ങള്‍ക്കും ആശംസകള്‍. ഇന്ത്യയുടെ അഭിമാന നേട്ടത്തിലേക്ക് ഉയര്‍ത്താന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ. ജയ് ഹിന്ദ്', ജയ് ഷാ എക്‌സില്‍ കുറിച്ചു.

ബിസിസിഐയുടെ പിന്തുണ അഭ്യര്‍ഥിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും കായിക മന്ത്രാലയവും നേരത്തെ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 8.5 കോടി രൂപയുടെ സാമ്പത്തിക സഹായം ബിസിസിഐ പ്രഖ്യാപിച്ചത്. നേരത്തെ ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിനും ബിസിസിഐ പത്തുകോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കിയിരുന്നു.

ട്രാക്കിലും ഫീല്‍ഡിലുമായി 47 വനിതകളും 70 പുരുഷ കായികതാരങ്ങളുമടക്കം 117 അംഗ സംഘമാണ് ഇത്തവണ പാരിസില്‍ ഇന്ത്യക്കായി മാറ്റുരയ്ക്കുന്നത്. ഈ മാസം 26നാണ് ഒളിംപിക്‌സിനു തുടക്കമാകുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30 മുതലാണ് ഉദ്ഘാടന പരിപാടികള്‍.

dot image
To advertise here,contact us
dot image