

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാരുടെ മെഡല്‍ വേട്ട തുടരുന്നു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ രുദ്രാങ്ക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്‍, പാര്‍ത്ഥ് മാനെ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം വെള്ളി മെഡല്‍ നേടി. തിങ്കളാഴ്ച രാവിലെ നടന്ന മത്സരത്തില്‍ 1890.1 പോയിന്റ് നേടിയാണ് ഇന്ത്യന്‍ സംഘം രണ്ടാമതെത്തിയത്. 1899.0 പോയിന്റോടെ ലോക റെക്കോര്‍ഡ് കുറിച്ച ചൈന ഈ ഇനത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ 1884.2 പോയിന്റോടെ ദക്ഷിണ കൊറിയ വെങ്കല മെഡല്‍ നേടി. വ്യക്തിഗത യോഗ്യതാ റൗണ്ടില്‍ രുദ്രാങ്ക്ഷ് പാട്ടീല്‍ 631.8 പോയിന്റോടെ മൂന്നാമതും ഹിമാന്‍ഷു ധില്ലന്‍ 630.0 പോയിന്റോടെ ഏഴാമതും ഫിനിഷ് ചെയ്ത് വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടി. അതേസമയം, 628.3 പോയിന്റോടെ പത്താം സ്ഥാനത്തെത്തിയ പാര്‍ത്ഥ് മാനെയ്ക്ക് വ്യക്തിഗത ഫൈനല്‍ യോഗ്യത നഷ്ടമായി.
നീന്തലില്‍ ഫൈനല്‍
ജപ്പാനിലെ ഐച്ചി-നാഗോയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ നീന്തല്‍ താരം ശ്രീഹരി നടരാജ് പുരുഷന്മാരുടെ 50 മീറ്റര്‍ ബാക്ക്സ്‌ട്രോക്ക് ഫൈനലിലേക്ക് യോഗ്യത നേടി. തിങ്കളാഴ്ച നടന്ന ഹീറ്റ്‌സ് മത്സരത്തിലാണ് ശ്രീഹരി ഫൈനല്‍ പ്രവേശനം ഉറപ്പിച്ചത്. ഹീറ്റ്‌സില്‍ മൂന്നാം സ്ഥാനത്തെത്തിയ ശ്രീഹരി 25.37 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. മൂന്ന് ഹീറ്റ്‌സുകളിലുമായി ആകെ ഒന്‍പതാം സ്ഥാനത്തോടെയാണ് താരം ഫൈനലിലേക്ക് യോഗ്യത നേടിയത്. അതേസമയം, മറ്റൊരു ഇന്ത്യന്‍ താരമായ ഋഷഭ് ദാസ് 25.41 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് നാലാം സ്ഥാനത്തെത്തി ഫൈനലിലേക്കുള്ള റിസര്‍വ് താരമായി മാറിയിട്ടുണ്ട്.
അതിനിടെ, സെപക് തക്രൊയില്‍ ഗ്രൂപ്പ് ബിയിലെ മൂന്ന് റഗു-മാച്ച് സീരീസിന്റെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ തോല്‍പ്പിച്ച് ഇന്ത്യ ശുഭാരംഭം കുറിച്ചു. ആദ്യ സെറ്റില്‍ 5-10 ന് പിന്നിലായിരുന്ന ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി 15-13 നു സെറ്റ് സ്വന്തമാക്കി. തുടര്‍ന്ന് രണ്ടാം സെറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ 15-9 ന് ജപ്പാനെ കീഴടക്കി 2-0 ന്റെ മികച്ച വിജയം നേടി.
എന്നാല്‍ വുഷുവില്‍ ഇന്ത്യയ്ക്ക് നിരാശജനകമായ പ്രകടനമാണ് നേരിടേണ്ടി വന്നത്. വനിതകളുടെ ചാങ്ക്വാന്‍ ഫൈനലില്‍ ഇന്ത്യയുടെ ന്യാമാന്‍ വാങ്‌സു 9.573 പോയിന്റോടെ 15-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ ഹോങ്കോങ് താരം ഷാം ഹുയി യു ലിഡിയ സ്വര്‍ണ്ണവും മക്കാവു താരം സോ ചോ മാന്‍ വെള്ളിയും ഇന്തോനേഷ്യയുടെ വിഡോഡോ യൂജീനിയ വെങ്കലവും നേടി.
കൂടാതെ ഞായറാഴ്ച നടന്ന വുഷു സാന്‍ഡ വിഭാഗത്തില്‍ ഇന്ത്യയുടെ അപര്‍ണ ദാഹിയ (വനിതകളുടെ 52 കിലോഗ്രാം) റൗണ്ട് ഓഫ് 16-ല്‍ ഇറാന്‍ താരത്തോട് 0-2 ന് പരാജയപ്പെട്ടു. പുരുഷന്മാരുടെ 75 കിലോഗ്രാം സാന്‍ഡ മത്സരത്തില്‍ വിക്രാന്ത് ബാലിയാനും ഇറാന്റെ സുഹൈല്‍ മൂസവിയോട് 0-2 ന് തോറ്റ് പുറത്തായതോടെ സാന്‍ഡ വിഭാഗത്തിലെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.
ടേബിള്‍ ടെന്നീസില്‍ മുന്നോട്ട്
ഏഷ്യന്‍ ഗെയിംസില്‍ പാകിസ്ഥാനെ 3-0 ന് തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. തിങ്കളാഴ്ച നടന്ന റൗണ്ട് ഓഫ് 16 മത്സരത്തില്‍ ഏകപക്ഷീയമായ പ്രകടനത്തോടെയാണ് ഇന്ത്യന്‍ സംഘത്തിന്റെ മിന്നുന്ന വിജയം. ഇന്ത്യയ്ക്കായി ആദ്യ മത്സരത്തിനിറങ്ങിയ മനിക ബത്ര, പാകിസ്ഥാന്റെ ഹൂൂര്‍ ഫവാദിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി മികച്ച തുടക്കം നല്‍കി (11-2, 11-5, 11-2). തുടര്‍ന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ ശ്രീജ അകുല പാകിസ്ഥാന്റെ ഹൈഖ ഹസനെ 11-4, 11-3, 11-3 എന്ന സ്‌കോറിന് തകര്‍ത്ത് ഇന്ത്യയുടെ ലീഡ് 2-0 ആയി ഉയര്‍ത്തി. മൂന്നാം മത്സരത്തില്‍ ദിയ ചിതാലെ, പാകിസ്ഥാന്‍ താരം പെര്‍ണിയ ഖാനെ 11-1, 11-4, 11-3 എന്ന സ്‌കോറിന് അനായാസം കീഴടക്കിയതോടെ ഇന്ത്യ 3-0 ന്റെ സമ്പൂര്‍ണ്ണ വിജയം ഉറപ്പിക്കുകയും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കുകയും ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ ചൈനയെയാണ് ഇന്ത്യ നേരിടുക.
content highlights: Silver Rush for India: Shooting Squad Continues Medal Haul at Asian Games