പാരീസ് ടിക്കറ്റ് 'ഇടിച്ചെടുത്ത്' ലവ്‌ലിന ; 75 കിലോഗ്രാം ബോക്‌സിങ്ങില്‍ ഫൈനലിൽ

ഫൈനല്‍ പ്രവേശനത്തോടെ പാരീസ് ഒളിമ്പിക്‌സിനും ലവ്‌ലിന യോഗ്യത നേടി
പാരീസ് ടിക്കറ്റ് 'ഇടിച്ചെടുത്ത്' ലവ്‌ലിന ; 75 കിലോഗ്രാം ബോക്‌സിങ്ങില്‍ ഫൈനലിൽ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ്ങില്‍ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെന്‍ ആണ് ഫൈനലിലെത്തിയത്. സെമിയില്‍ തായ്‌ലന്‍ഡിന്റെ ബെയ്‌സണ്‍ മനീക്കോണിനെ തകര്‍ത്താണ് ഇന്ത്യന്‍ താരം മെഡലുറപ്പിച്ചത്. ഫൈനല്‍ പ്രവേശനത്തോടെ 2024 ലെ പാരീസ് ഒളിമ്പിക്‌സിനും ലവ്‌ലിന യോഗ്യത നേടി.

വനിതകളുടെ 54 കിലോഗ്രാം ബോക്സിങ്ങിലും ഇന്ത്യ മെഡല്‍ നേടിയിരുന്നു. ഇന്ത്യയുടെ പ്രീതി പവാറാണ് വെങ്കലം സ്വന്തമാക്കിയത്. സെമിയില്‍ ചൈനയുടെ യുവാന്‍ ചാങ്ങിനോടാണ് പ്രീതി തോല്‍വി വഴങ്ങിയത്. ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ പുരുഷന്മാരുടെ കനോയിങ് 1000 മീറ്റര്‍ ഡബിള്‍സില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു.

ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിവസത്തിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെക്കുന്നത്. അമ്പെയ്ത്തില്‍ ഇന്ത്യ മൂന്ന് മെഡലുകളുറപ്പിച്ചിട്ടുണ്ട്. പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്തില്‍ ഓജസ് പ്രവീണും അഭിഷേക് വര്‍മ്മയും ഫൈനലിലെത്തിയതോടെ ഒരു സ്വര്‍ണവും ഒരു വെള്ളിയും ഇന്ത്യ ഉറപ്പിച്ചു. വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നവും ഫൈനലിലെത്തിയിട്ടുണ്ട്. നിലവില്‍ 62 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ. 13 സ്വര്‍ണം, 24 വെള്ളി, 25 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com