

ഉറക്കത്തില്‍ സ്വപ്‌നം കാണുന്നവരാണ് എല്ലാവരും. സ്വപ്‌നങ്ങള്‍ പൂര്‍ണമായും നമ്മേ നമ്മുടേതായ ഒരു ലോകത്തിലേക്ക് കൊണ്ടുപോകും. പലതരം സംഭവങ്ങള്‍, ആളുകള്‍, സ്ഥലങ്ങള്‍,ഭയം, സ്‌നേഹം അങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് സ്വപ്‌നത്തിലൂടെ ഉള്ളിലേക്ക് കടന്നുവരുന്നത്. ശരീരം ഉറങ്ങുമ്പോള്‍ തലച്ചോര്‍ ഉണര്‍ന്നിരുന്ന് ഇവയെല്ലാം നമ്മുടെ ഉള്ളിലേക്ക് പകര്‍ന്നുതന്നുകൊണ്ടിരിക്കും.
തലച്ചോറ്, ഓര്‍മ്മകള്‍,വികാരങ്ങള്‍, വിവരങ്ങള്‍ എന്നിവ എങ്ങനെ പ്രോസസ് ചെയ്യുന്നു എന്നതുമായി സ്വപ്‌നങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ട്. നമ്മള്‍ എന്തിനാണ് സ്വപ്‌നം കാണുന്നത് എന്നതിനുള്ള ഉത്തരം പൂര്‍ണമായും ഇതുവരെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് മനസിലായിട്ടില്ല. ഇതുവരെയുളള ഗവേഷണങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്.

ഉറക്കത്തില്‍ സംഭവിക്കുന്ന ഒരു മാനസിക അനുഭവമാണ് സ്വപ്നം. അതില്‍ ചിത്രങ്ങള്‍, ശബ്ദങ്ങള്‍, വികാരങ്ങള്‍ ഇവയൊക്കെ ഉള്‍പ്പെടാം. സ്‌ളീപ് ഫൗണ്ടേഷന്‍ പറയുന്നതനുസരിച്ച് സ്വപ്‌നങ്ങള്‍ കൂടുതലായും സംഭവിക്കുന്നത് RAM(റാപ്പിഡ് ഐ മൂവ്‌മെന്റ്) എന്നറിയപ്പെടുന്ന ഉറക്ക ഘട്ടത്തിലാണ്. അതായത് (തലച്ചോറിന്റെ പ്രവര്‍ത്തനം ഒരു വ്യക്തി ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍ എത്തുമ്പോള്‍). REM ഉറക്കത്തില്‍ തലച്ചോറ് വളരെ സജീവമായിരിക്കും. കണ്ണിലെ കൃഷ്ണമണികള്‍ വേഗത്തില്‍ ചലിക്കും,പേശികള്‍ താല്‍കാലികമായി തളര്‍ന്നതുപോലെയാകും. ഇങ്ങനെ ശരീരം നിശ്ചലമായിരിക്കുകയാണെങ്കിലും തലച്ചോറ് ഈ ഘട്ടത്തില്‍ മികച്ച അനുഭവങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. സാധാരണയായി ഉറങ്ങി കഴിഞ്ഞ് ഏകദേശം 90 മിനിറ്റിന് ശേഷം REM ഉറക്കം ആരംഭിക്കുകയും രാത്രി പല തവണ ഇത് ആവര്‍ത്തിക്കുകയും ചെയ്യും. ഈ ഘട്ടങ്ങളിലെ സ്വപ്‌നങ്ങള്‍ എപ്പോഴും കൂടുതല്‍ വൈകാരികമായിരിക്കും. എന്നാല്‍ ഗവേഷണങ്ങള്‍ കാണിക്കുന്നത് REM ന്റെ ഘട്ടങ്ങളില്‍ മാത്രമല്ല അല്ലാത്ത ഉറക്കത്തിലും ചിലപ്പോള്‍ സ്വപ്‌നങ്ങള്‍ ഉണ്ടാകുന്നു എന്നാണ്.

ആരോഗ്യമുളള എല്ലാ ആളുകളും സ്വപ്‌നം കാണാറുണ്ടെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഉറക്കപഠനങ്ങള്‍ അനുസരിച്ച് ഒന്നിലധികം REM സൈക്കിളുകളിലായി ആളുകള്‍ എല്ലാ രാത്രിയിലും ഏകദേശം രണ്ട് മണിക്കൂര്‍ സ്വപ്‌നം കാണാറുണ്ട്. താന്‍ ഒരിക്കലും സ്വപ്‌നം കാണാറില്ല എന്ന് പറയുന്ന ആളുകള്‍ സാധാരണയായി അവരുടെ സ്വപ്‌നങ്ങള്‍ മറന്നുപോവുകയാണ് ചെയ്യുന്നത്.
മിക്ക ആളുകളും ഉറക്കമുണര്‍ന്നാല്‍ സ്വപ്‌നങ്ങള്‍ മറന്നുപോകും. ഉറക്കത്തില്‍ ഓര്‍മയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ വ്യത്യസ്തമായി പെരുമാറുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. REM ഉറക്കത്തില്‍ തലച്ചോറിലെ ഓര്‍മ രൂപപ്പെടാന്‍ സഹായിക്കുന്ന 'നോര്‍പിനെഫ്രിന്‍' എന്ന രാസവസ്തുവിന്റെ അളവ് കുറവാണെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. ഇത് സ്വപ്‌നങ്ങളെ സ്ഥിരമായ ഓര്‍മ്മകളായി സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. അതുകൊണ്ട് സ്വപ്‌നങ്ങള്‍ വേഗത്തില്‍ മറന്നുപോകുന്നു.

ഓരോരുത്തരുടെയും സ്വപ്‌നങ്ങളുടെ പാറ്റേണുകള്‍ അവരുടെ മാനസികാരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നു. പതിവായി കാണുന്ന പേടിസ്വപ്‌നങ്ങള്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ, മാനസികാഘാതം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കന്‍ അക്കാദമി ഓഫ് സ്‌ളീപ്പ് മെഡിസിന്‍ അനുസരിച്ച് സമ്മര്‍ദ്ദ വൈകല്യങ്ങളുളളവരിലാണ് പേടിസ്വപ്‌നങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ഇത്്‌സ്വപ്‌നങ്ങള്‍ വൈകാരിക ആഘാതവുമായി ബന്ധപ്പെട്ടിരിക്കുന്നതായി സൂചിപ്പിക്കുന്നു. എങ്കിലും പതിറ്റാണ്ടുകളായി ഗവേഷണം നടത്തിയിട്ടും തലച്ചോറിന്റെ ഏറ്റവും വലിയ നിഗൂഡതകളില്‍ ഒന്നായി സ്വപ്‌നം തുടരുകയാണ്.
Content Highlights : Why do we dream? Why do we forget our dreams when we wake up?