അപ്രതീക്ഷിത ഉയർച്ചകളും വീഴ്ചകളും; ടെന്നിസ് ഇതിഹാസം ബൂം... ബൂം.. ബോറിസിന് ഇന്ന് പിറന്നാൾ

1999ലെ വിംബിൾഡൺ ടൂർണമെന്റിൽ പ്രീക്വാർട്ടറിൽ ബോറിസിന്റെ പോരാട്ടം അവസാനിച്ചു.
അപ്രതീക്ഷിത ഉയർച്ചകളും വീഴ്ചകളും; ടെന്നിസ് ഇതിഹാസം ബൂം... ബൂം.. ബോറിസിന് ഇന്ന് പിറന്നാൾ

വർഷം 1985. അന്ന് 17 വയസ് മാത്രം പ്രായമുള്ള ബോറിസ് ബെക്കര്‍ വിംബിൾഡൺ കിരീട ജേതാവായി. ഇന്നും തകർക്കപ്പെടാത്ത പ്രായം കുറഞ്ഞ വിംബിൾഡൺ ജേതാവെന്ന റെക്കോർഡ് നേട്ടം ബോറിസ് അന്ന് സ്വന്തമാക്കി. ടെന്നിസ് കോർട്ടിലെ പവർഫുൾ ഷോട്ടുകൾ അയാൾക്ക് ബൂം ബൂം ബോറിസ് എന്ന പേര് നേടി നൽകി. 1986ലെയും 1989ലെയും വിംബിൾഡൺ വിജയങ്ങൾ അയാളെ സൂപ്പർസ്റ്റാറാക്കി മാറ്റി. 1989ൽ തന്നെയാണ് ബോറിസ് കരിയറിലെ ഏക യുഎസ് ഓപ്പൺ കിരീടവും നേടുന്നത്. തൊട്ടുമുമ്പത്തെ വർഷം പശ്ചിമ ജർമ്മനിയിലേക്ക് ചരിത്രത്തിലാദ്യമായി ഡേവിസ് കപ്പെത്തിച്ചതും ബോറിസ് ബെക്കറിന്റെ മികവിലാണ്. തൊട്ടടുത്ത വർഷം ഈ നേട്ടം നിലനിർത്താനും കഴിഞ്ഞു. എ ടി പി (അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ്) പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി ബോറിസ് തിരഞ്ഞെടുക്കപ്പെട്ടതും 1989ലാണ്. ബോറിസിന്റെ കരിയറിലെ സുവർണ കാലഘട്ടമാണ് 1989.

കോര്‍ട്ടില്‍ മുഴുനീളത്തില്‍ ഡൈവ് ചെയ്ത് പോയിന്റുകള്‍ സ്വന്തമാക്കും. എതിരാളികളുടെ സ്മാഷുകൾക്ക് കിടിലൻ സെർവുകളാണ് ബോറിസിന്റെ മറുപടി. എതിരാളികളെ കാഴ്ചക്കാരാക്കുന്ന വോളികൾ. ഒന്നര പതിറ്റാണ്ട് കാലം ഒരു സ്വർണമുടിക്കാരൻ ആരാധക ഹൃദയം കവർന്നു. 1991ൽ ബോറിസ് ആദ്യമായി ഓസ്ട്രേലിയൻ ഓപ്പൺ ജേതാവായി. തൊട്ടടുത്ത വർഷം നടന്ന ബാഴ്സലോണ ഒളിമ്പിക്സില്‍ മൈക്കല്‍ സ്റ്റിച്ചിനൊപ്പം ചേര്‍ന്ന ഡബിൾസ് സ്വര്‍ണം സ്വന്തമാക്കി. പക്ഷേ പിന്നീടുള്ള കാലഘട്ടത്തില്‍ ബോറിസിന്റെ കരിയർ​ഗ്രാഫ് താഴോട്ട് നീങ്ങി. അടുത്ത ​ഗ്രാൻഡ്സ്ലാം കിരീടത്തിനായി 1996 വരെ ബോറിസിന് കാത്തിരിക്കേണ്ടിവന്നു. 1999ലെ വിംബിൾഡൺ ടൂർണമെന്റിൽ പ്രീക്വാർട്ടറിൽ ബോറിസിന്റെ പോരാട്ടം അവസാനിച്ചു. ഇതോടെ ജർമ്മൻ ടെന്നിസ് ഇതിഹാസം കരിയറിന് വിരാമമിട്ടു.

എക്കാലത്തെയും മികച്ച ടെന്നിസ് താരം, മുൻ ലോക ഒന്നാം നമ്പർ താരം, 16 വർഷം നീണ്ട കരിയറിൽ ആറ് ​ഗ്രാൻഡ് സ്ലാമുകൾ തുടങ്ങിയവ ബോറിസിന്റെ നേട്ടങ്ങളായിരുന്നു. ബോറിസ് ബെക്കർ എന്ന ജർമ്മൻ ഫുട്ബോൾ ഇതിഹാസത്തിന് ഇന്ന് 56 വയസ് തികയുകയാണ്. 1999ൽ വിരമിച്ച ശേഷം ഇന്നത്തെ ഫുട്ബോൾ ഇതിഹാസം നൊവാക് ജോക്കോവിച്ചിന്റെ പരിശീലകനായിരുന്നു ബോറിസ്.

ജര്‍മനി അന്ന് പശ്ചിമ ജര്‍മനി എന്നാണ് അറിയപ്പെട്ടിരുന്നത്. അവിടുത്തെ ഒരു ചെറുപട്ടണമായ ലീമനില്‍ 1967 നവംബര്‍ 22നാണ് ബോറിസിന്റെ ജനനം. ആര്‍ക്കിടെക്ടായിരുന്ന കാള്‍ ഹെയ്ന്‍സ് ആണ് ബോറിസിന്റെ പിതാവ്. മകന് ടെന്നിസ് കളിക്കാൻ ഒരു സിന്തറ്റിക് ടെന്നീസ് കോര്‍ട്ട് പണിതു നല്‍കി. അമ്മ എല്‍വിറയും സഹോദരിയും ബോറിസിന് മികച്ച പിന്തുണ നല്‍കി. എങ്കിലും ബോറിസ് ഒരു ടെന്നിസ് താരമാകുന്നതിനോട് താൽപ്പര്യമുണ്ടായിരുന്നില്ല. പഠിച്ച് ഒരു ബിരുദം നേടി സമൂഹത്തില്‍ മാന്യമായ സ്ഥാനമുള്ള ജോലി സമ്പാദിക്കുക മാത്രമായിരുന്നു മാതാപിതാക്കളുടെ മനസിലെ പദ്ധതി. പക്ഷേ ബോറിസ് ബെക്കർ എന്ന ഇതിഹാസത്തെ തടഞ്ഞ് നിർത്തുവാൻ കഴിയുമായിരുന്നില്ല. ​ഗുന്തർ ബോഷ്, ഇയോൺ ടിറിയാക് തുടങ്ങിയ പരിശീലകരാണ് ബോറിസിന്റെ കരിയറിന് വഴിതെളിച്ചത്.

ബെക്കറിലെ പ്രതിഭ മനസിലാക്കിയ ടിറിയാകാണ് താരത്തെ പ്രൊഫഷണല്‍ ടെന്നീസിലേക്ക് അയക്കാൻ മാതാപിതാക്കളെ നിർബന്ധിച്ചത്. മനസില്ലാമനസോടെ ആയിരുന്നു മാതാപിതാക്കൾ ബോറിസിന്റെ ആ​ഗ്രഹത്തിന് സമ്മതം മൂളിയത്. പിന്നാലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് ബോറിസ് മുഴുവന്‍ സമയ ടെന്നീസ് താരമായി.

1993ൽ ബോറിസിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ബാര്‍ബര ബെക്കർ ടെന്നിസ് ഇതിഹാസത്തിന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി. ബാർബരയുടെ പ്രോത്സാഹന ഫലമായാണ് ബോറിസ് 1996ലെ ഓസ്ട്രേലിയൻ ഓപ്പൺ നേടിയത്. പക്ഷേ ലണ്ടന്‍ ഹോട്ടലിലെ പരിചാരികയായ റഷ്യക്കാരി എയ്ഞ്ചല എര്‍മാക്കോവയുമായുലള്ള ബന്ധം ബോറിസിന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. എല്ലാം ക്ഷമിക്കാൻ ബാർബര തയ്യാറായിരുന്നുവെങ്കിലും ബോറിസ് വിവാഹമോചനം വേണമെന്ന് വാശിപിടിച്ചു. ഇതോടെ ബാർബരയുടെ സ്വഭാവം മാറി. ബോറിസിനെതിരെ കേസിനുപോയ ബാർബര വൻതുക നഷ്ടപരിഹാരം വാങ്ങിയെടുത്തു.

2009ല്‍ ബോറിസ് ഡച്ച് മോഡല്‍ ഷേര്‍ലി കെര്‍സന്‍ബര്‍ഗിനെ വിവാഹം ചെയ്തു. എങ്കിലും ഒമ്പതുവര്‍ഷത്തിനുശേഷം ഈ ബന്ധവും അവസാനിച്ചു. പ്രൊഫഷണൽ കാലഘട്ടത്തിന് ശേഷം ചെയ്ത പല ബിസിനസുകളിലും ബോറിസ് പരാജയപ്പെട്ടു. ഒടുവിൽ 2017ൽ ഒരു ബ്രിട്ടീഷ് കോടതി ബോറിസിനെ പാപ്പരായി പ്രഖ്യാപിച്ചു. കടം വീട്ടാനായി താരത്തിന് ലഭിച്ച ട്രോഫികൾ ലേലം ചെയ്തു. എന്നിട്ടും സാമ്പത്തിക തട്ടിപ്പ് കേസിൽ 2022ൽ ബോറിസ് ജയിലില്‍ ആയി. എട്ട് മാസത്തിന് ശേഷം ബോറിസ് ജയിൽമോചിതനായി. നിലവിൽ ഡെൻമാർക്ക് ടെന്നിസ് താരം ഹോൾഗർ റൂണിന്റെ പരിശീലകനാണ് ബോറിസ്. അപ്രതീക്ഷിത ട്വിസ്റ്റുകളുമായി ബോറിസിന്റെ ജീവിതം തുടരുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com