'ക്വീൻ ഓഫ് മെലഡീസ്'; പി സുശീലയ്ക്ക് 88-ാം ജന്മദിനം

പാട്ടിന്റെ പൂർണമായ അർത്ഥം പുറത്തുകൊണ്ടുവരാനുള്ള അസാമാന്യമായ കഴിവ് തന്നെയാണ് സുശീലാമ്മയുടെ പാട്ടുകളുടെ പ്രത്യേകത

dot image

ദക്ഷിണേന്ത്യൻ ഭാഷകളിലുടനീളം ആയിരക്കണക്കിന് ചലച്ചിത്രഗാനങ്ങൾക്ക് സ്വരമായി മാറിയ പി സുശീല എന്ന സംഗീതാസ്വാദകരുടെ സുശീലാമ്മയ്ക്ക് ഇന്ന് പിറന്നാള്. ഏത് ഭാഷയില് പാടുമ്പോഴും അക്ഷരങ്ങളുടെ ഉച്ചാരണം ഉൾകൊണ്ട് തെളിവോടെ ആസ്വാദകഹൃദയം കീഴടക്കാന് കഴിഞ്ഞ ഗായിക. ഭാഷയൊന്നു മാറിയിൽ പാട്ടിന്റെ സത്ത തെന്നിമാറി പോകുന്നിടത്ത് പി സുശീല പാട്ടിനെ ഉള്ളറഞ്ഞ് തൊട്ടുകൊണ്ടാണ് സംഗീതാസ്വദകരിലേക്കെത്തിക്കുന്നത്. പാട്ടിന്റെ പൂർണമായ അർത്ഥം പുറത്തുകൊണ്ടുവരാനുള്ള അസാമാന്യമായ കഴിവ് തന്നെയാണ് സുശീലാമ്മയുടെ പാട്ടുകളുടെ പ്രത്യേകത.

അറുപതുകളിലേയും എഴുപതുകളിലേയും ചലച്ചിത്രഗാനങ്ങളിൽ പി സുശീല ശബ്ദം നൽകാത്ത പാട്ടുകൾ വിരലിലെണ്ണാവുന്നത് മാത്രമായിരുന്നു. ഒരുപക്ഷെ അക്കാലത്ത് ഇത്രയധികം ഫാൻസ് ഫോളോവേഴ്സുള്ള മറ്റ് ഗായകരും ഉണ്ടാകില്ല. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, സംസ്കൃതം, തുളു, ബഡഗ തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളിൽ നിരവധി ഗാനങ്ങൾക്ക് സുശീലാമ്മ നാദമായി. സിംഹള സിനിമകൾക്കും പാടിയിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്കുള്ള സംഭാവനകൾക്ക്, 2008-ൽ പത്മഭൂഷൺ അവാർഡ് നൽകി സുശീലയെ ആദരിച്ചു.

മലയാളികൾക്ക് പി സുശീല അത്രമേൽ പ്രിയപ്പെട്ടതാകുന്നത് മലയാളത്തിൽ തന്നെ ആദ്യമായി സുശീലാമ്മ ആലപിച്ച ''പാട്ടു പാടി ഉറക്കാം ഞാൻ..'' എന്ന മനോഹരമായ താരാട്ട് പാട്ടിലൂടെയാണ്. കരുതലും വാത്സല്യവുമെല്ലാം ഹൃദയത്തിൽ നിന്ന് തുളുമ്പുന്ന ഗാനം ഇന്നും പാടാത്ത അമ്മമാരുണ്ടോ... 1960ൽ പുറത്തിറങ്ങിയ സീതയെന്ന ചിത്രത്തിലെ ആണ് ഈ ഗാനം. മലയാളത്തിൽ സുശീലമ്മ പാടിയ ഗാനങ്ങളെല്ലാം എക്കാലവും നെഞ്ചോട് ചേർത്തുവെയ്ക്കാനാകുന്നതാണ്. ''പെരിയാറേ പെരിയാറേ...'' എന്ന് പാടിയപ്പോൾ മലയാറ്റൂർ പള്ളിയിലെ പെരുന്നാളും ആലുവ ശിവരാത്രിയുമെല്ലാം ഈ സ്വരമാധുര്യത്തിലൂടെ മലയാളി മനസിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

ഒരു സ്ത്രീയുടെ പ്രണയാർദ്രമായ രാത്രിയെ ഓർമ്മപ്പെടുത്തുന്ന ''ഏഴുസുന്ദര രാത്രികൾ...'' ആഘോഷത്തിന്റെയും പ്രണയസാഫല്യത്തിനായുള്ള കാത്തിരിപ്പിന്റെയും പാട്ടു കൂടിയാണ്. 1967ൽ ‘അശ്വമേധം’ എന്ന ചിത്രത്തിലൂടെ പുറത്തിറങ്ങിയ പാട്ടിന് പി സുശീല ജീവൻ നൽകിയപ്പോൾ ഈണമിട്ടതാകട്ടെ മലായളത്തിന്റെ ലെജന്ററി ദേവരാജൻ മാസ്റ്ററും വരികളെഴുതിയത് വയലാറുമായിരുന്നു.

''പൂന്തേനരുവീ...'' പൊന്മുടി പുഴയുടെ അനുജത്തിയായ പൂന്തേനരുവിയുടെയും എന്റെയും പ്രായവും മോഹവും ദാഹവും എല്ലാം ഒന്നാണെന്ന് പറഞ്ഞ ഗാനം. പാട്ടിന്റെ മാധുര്യമറിയണമെങ്കിൽ അതിൽ അലിയണമെങ്കിൽ സുശീലാമ്മ തന്നെ പാടണം.. ''അന്നു നിന്നെ കണ്ടതിൽ...'', ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന അനുഭവത്തിന് സുശീമ്മ സ്വരം നല്കിയ ഗാനം. പാട്ടിനെ റൊമാന്റിസൈസ് ചെയ്യുമ്പോൾ ആലാപനത്തിലുണ്ടാകുന്ന വികാരമല്ല അടുത്ത വരിയിൽ അതിനുള്ള വേദന ഞാനറിഞ്ഞു എന്ന് പാടുമ്പോൾ സുശീലാമ്മ പാടുന്നത്. പ്രണയം പറയുമ്പോഴുള്ള ഭാവവും വേദനയും പാട്ടിൽ ഒരേ സമയം കലർത്തുകയാണ് പി സുശീല എന്ന ഗായിക ഈ പാട്ടിലൂടെ.

''മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ...'', ശകുന്തള തന്റെ ഇഷ്ടം ആരോടും പറയരുതേ എന്ന് മാനിനോടു പറയുമ്പോൾ അതിലെ കൊഞ്ചലും സ്നേഹവും സുശീലാമ്മയുടെ സ്വരത്തിലൂടെ തന്നെ അറിയാൻ കഴിയും. ''ആകാശങ്ങളിലിരിക്കും..'', ''മാനത്തെ മഴമുകിൽ മാലകളെ...'', ''കണ്ണു തുറക്കാത്ത ദൈവങ്ങളേ...'', ''ഹൃദയഗീതമായ്...'' എന്നിങ്ങനെ എത്ര കേട്ടാലും മതി വരാത്ത മടുപ്പ് തോന്നാത്ത സുശീല ഗാനങ്ങൾ. പ്രിയപ്പെട്ട പാട്ടുകാരിക്ക് ഇന്ന് 88 വയസ് തികയുമ്പോൾ ഇക്കാലമത്രയും മലയാളി ഹൃദയത്താളെ കീഴടക്കിയ ഗാനങ്ങൾ അനശ്വരമാകുകയാണ്.

dot image
To advertise here,contact us
dot image