'ലോകത്തിന് മുകളില്‍ ഉയരത്തിലങ്ങനെ'; റെയില്‍ ട്രാക്കിന് മുകളില്‍ പറക്കുന്ന വിമാനത്തിന്റെ ചിത്രവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് തീവണ്ടിയിലായിരുന്നു ഇ പി ജയരാജന് കുടുംബത്തിനൊപ്പം യാത്ര ചെയ്തത്
19 July 2022 11:11 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ട്രോളുകളും ബഹിഷ്കരണ ആഹ്വാനവും ഉയരുന്നതിനിടെ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പുതിയ ചിത്രം പങ്കുവെച്ച് വിമാനക്കമ്പനി. റെയില്‍ വേ ട്രാക്കിന് മുകളില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ചിത്രമാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ലോകത്തിന് മുകളിലങ്ങനെ പറക്കുക എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്.
ലെറ്റ്സ് ഇന്‍ഡിഗോ, ബി അറ്റ് ദി വ്യൂ, പ്ലെയ്ന്‍ സ്പോട്ടിംഗ് എന്നിങ്ങനെ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പമുണ്ട്. ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തേക്ക് കമ്പനി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇവരെ പ്രതിരോധിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ മൂന്ന് ആഴ്ചത്തേക്കാണ് വിലക്കിയിരിക്കുന്നത്.
ഇതിന് പിന്നാലെ, താന്‍ ഇനി യാത്രകള്‍ക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഇ പി ജയരാജന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ടിക്കറ്റ് ഉണ്ടായിരുന്നിട്ടും അത് ക്യാന്‍സല്‍ ചെയ്ത് തീവണ്ടിയിലായിരുന്നു ഇ പി ജയരാജന് കുടുംബത്തിനൊപ്പം യാത്ര ചെയ്തത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിനില്‍ കയറവെ, കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ 'ആപ്പീസ് പൂട്ടുമെന്ന്' ഇ പി ജയരാജന് അഭിപ്രായപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെടുത്തി ചിത്രത്തിനെതിരെ ട്രോളുകളുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍. ഇ പി ജയരാജനുമായി ബന്ധപ്പെടുത്തിയും കെ റെയിലുമായി ബന്ധപ്പെടുത്തിയും പരിഹാസ കമന്റുകളുമായാണ് ഇവര്‍ എത്തിയിരിക്കുന്നത്.
STORY HIGHLIGHTS: IndiGo Airlines shares picture of flight flying before railway track